തമിഴ്നാട്ടിലെ കർഷകർക്കിടയിൽ വൃക്കരോഗം വർധിക്കുന്നു; പഠന റിപ്പോർട്ട്

09:30 AM Oct 30, 2025 | Kavya Ramachandran

ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്കിടയിൽ വൃക്കസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ 5.13 ശതമാനം കർഷകർക്കും വൃക്കരോഗമുണ്ടെന്നാണ് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. മദ്രാസ് മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പഠനം നടത്തിയത്.

125 ഗ്രാമങ്ങളിലെ 3350 കർഷകത്തൊഴിലാളികളുടെ വൃക്കകളുടെ പ്രവർത്തനം പഠന വിധേയമാക്കി. ഇതിൽ 17 ശതമാനം പേർക്ക് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നുകണ്ടെത്തി. ആരോഗ്യപരിപാലനത്തിൽ ചില നിർദേശങ്ങൾ നൽകിയശേഷം വീണ്ടും മൂന്നുമാസത്തിനുശേഷം പരിേശാധന നടത്തിയപ്പോൾ വൃക്കരോഗങ്ങളുടെ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. വൃക്കരോഗമുള്ളവരിൽ 50 ശതമാനം പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങൾ തുടങ്ങിയവയുണ്ടായിരുന്നില്ല.

തുടർന്നുനടത്തിയ വിശകലനത്തിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതാണ് കർഷകരുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്ന നിഗമനത്തിലെത്തിയതായി പഠനത്തിന് നേതൃത്വംവഹിച്ച സംസ്ഥാന അവയവമാറ്റ കമ്മിഷൻ സെക്രട്ടറി ഡോ. എൻ. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ദി ലാൻസെറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കർഷകർ, നിർമാണത്തൊഴിലാളികൾ, ഇഷ്ടികച്ചൂളകളിലെ തൊഴിലാളികൾ, കീടനാശിനി തളിക്കുന്നവർ, ഉപ്പുനിർമാണ മേഖലയിലെ ജോലിക്കാർ തുടങ്ങിയവർ കടുത്ത ചൂടുള്ള സാഹചര്യങ്ങളിൽ ദിവസവും മണിക്കൂറുകളോളം ജോലി ചെയ്യുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.