വൃക്കയെ ബാധിക്കുന്ന അസുഖങ്ങളെ അകറ്റാൻ ചെയ്യാം ഈ കാര്യങ്ങൾ...

07:55 PM Sep 10, 2025 | Neha Nair

ഹൃദയം, തലച്ചോര്‍, കരള്‍, വൃക്കകള്‍ ( Kidney Health ) എന്നിങ്ങനെയുള്ള അവയവങ്ങളെല്ലാം തന്നെ അത്തരത്തില്‍ നമ്മള്‍ കുറെക്കൂടി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടുന്ന അവയവങ്ങളാണ്. ഇതില്‍ ഹൃദയത്തിനും തലച്ചോറിനുമുള്ള സ്ഥാനം എത്ര മുകളിലാണെന്നതും നമുക്കറിയാം.

ജീവിതരീതികളിലുള്ള പല വിധത്തിലുള്ള പാളിച്ചകള്‍ നമ്മുടെ കരള്‍, വൃക്കകള്‍ പോലുള്ള പ്രധാനപ്പെട്ട അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. ജീവിതരീതികള്‍ കാരണമാകാതെയും നമുക്ക് ഇത്തരം രോഗങ്ങളെല്ലാം വരാം. ഈ സാധ്യതയെ മാറ്റിനിര്‍ത്തിയാല്‍ എത്തരത്തിലെല്ലാം നമുക്ക് രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധിക്കും!

ഈ രീതിയിൽ വൃക്കകളെ സംരക്ഷിച്ചുനിര്‍ത്താന്‍ സഹായകമായ ( Kidney Health )  ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക. ദിവസം മുഴുവൻ വെള്ളം കുടിക്കുക. ചൂടുള്ള കാലാവസ്ഥയിലും നന്നായി ശാരീരികാധ്വാനം വരുന്ന സന്ദര്‍ഭങ്ങളിലുമെല്ലാം ആവശ്യത്തിന് വെള്ളം ഉറപ്പാക്കുക.

രണ്ട്...

ആരോഗ്യകരമായ ഡയറ്റ് നിര്‍ബന്ധം. ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ ലഭിക്കണം. പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണവും കുറയ്ക്കുക.

മൂന്ന്...

രക്തസമ്മര്‍ദ്ദം അഥവാ, ബിപി എപ്പോഴും 'നോര്‍മല്‍' ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ബിപി ഉയരുന്നത് ഹൃദയത്തിനും വൃക്കകള്‍ക്കുമെല്ലാം ഒരുപോലെ അപകടമാണ്. ബിപി ഉള്ളവരാണെങ്കില്‍ അതിന് കൃത്യമായ ചികിത്സയും തേടണം.

നാല്...

പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത്  ഉപേക്ഷിക്കുക. പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ നേരിയതായി വരികയും ഇതിന്‍റെ ഫലമായി രക്തയോട്ടം കുറയുകയും ചെയ്യാം. ഇത് വൃക്കകളിലേക്ക് രക്തമെത്തിക്കുന്നതും കുറയ്ക്കുന്നു.

അഞ്ച്...

പ്രോട്ടീന്‍ അളവ് കൂട്ടാൻ സപ്ലിമെന്റുകളെടുക്കുന്നവരുണ്ട്. പ്രത്യേകിച്ച് ബോഡി ബില്‍ഡിംഗിലും മറ്റും താല്‍പര്യമുള്ളവരാണിത് ചെയ്യുന്നത്. പക്ഷേ പ്രോട്ടീന്‍ ലഭിക്കാനുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് അത്ര നല്ലതല്ലെന്ന് മനസിലാക്കുക. വൃക്കകള്‍ക്ക് ഇത് അമിതഭാരം നല്‍കിയേക്കാം. ഇനി, സപ്ലിമെന്റുകള്‍ കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആകാം.

ആറ്...

വ്യായാമം പതിവാക്കുക. ദിവസത്തില്‍ മുപ്പത് മിനുറ്റ് നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കുന്നതാണ് ഉചിതം. നടത്തം, സൈക്ലിംഗ്, നീന്തല്‍ പോലുള്ള കാര്യങ്ങളാണ് ഏറ്റവും നല്ലത്.

ഏഴ്...

ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലുമൊരു അസ്വസ്ഥത തോന്നുമ്പോള്‍ തന്നെ പുറത്തുനിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന ശീലമുള്ളവരുണ്ട്. പ്രധാനമായും പെയിന്‍ കില്ലറുകളാണിങ്ങനെ മിക്കവരും കഴിക്കാറ്. ഈ ശീലം ക്രമേണ വൃക്കകളെ പ്രശ്നത്തിലാക്കാം. ഗുളികകള്‍ കഴിക്കും മുമ്പ് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശം തേടുക.

എട്ട്...

പ്രമേഹമുള്ളവരിലും പിന്നീട് വൃക്കരോഗങ്ങളെത്താറുണ്ട്. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത വച്ചുപുലര്‍ത്തുക. വൃക്കകളെ മാത്രമല്ല കണ്ണുകളെയും നാഡികളെയും ഹൃദയത്തെയുമെല്ലാം പ്രമേഹം പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗര്‍ നിയന്ത്രിച്ചുതന്നെ മുന്നോട്ടുപോവുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം.