ഉപ്പിന്റെ പരപരപ്പും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും അടുക്കളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പല കടുത്ത കറകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ഇത് മാത്രമല്ല എന്തും ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. ഉപ്പ് എങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് അറിയണ്ടേ.
ചായക്കറ
ചായയോ കോഫിയോ കുടിച്ചതിന് ശേഷം കപ്പിൽ ഇതിന്റെ കറ പറ്റിപിടിച്ചിരിക്കാറുണ്ട്. എത്ര വൃത്തിയാക്കിയാലും കറ പോവുകയുമില്ല കൂടാതെ നിരന്തരമായി ഉപയോഗിക്കുന്ന കപ്പിന് മങ്ങലും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ഉപ്പ് ഉപയോഗിച്ച് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കറപിടിച്ച കപ്പിലേക്ക് ഉപ്പ് ഇട്ടുകൊടുക്കാം. കടുത്ത കറകളാണെങ്കിൽ ഇതിനൊപ്പം കുറച്ച് ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കാവുന്നതാണ്.
പാത്രങ്ങൾ
ചെമ്പ്, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങൾ ഇന്നും വീടുകളിൽ സാധാരണമാണ്. കാലം കഴിയുംതോറും പഴക്കം ചെല്ലുന്നതാണ് ഇത്തരം പാത്രങ്ങൾ. എന്നാൽ ഉപ്പ് ഉപയോഗിച്ച് ഇവയെ പുത്തനാക്കാൻ സാധിക്കും. ഉപ്പ്, ഗോതമ്പ് പൊടി വിനാഗിരി എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഇത് പാത്രങ്ങളിൽ തേച്ചുപിടിപ്പിക്കണം. ഒരുമണിക്കൂർ അങ്ങനെ വെച്ചതിന് ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടച്ചു കളയാം. ഇത് പാത്രത്തെ പുതിയതാക്കി മറ്റും.
കിച്ചൻ സിങ്ക്
പാത്രങ്ങൾ കഴുകുമ്പോൾ അതിലെ ഭക്ഷണാവിശിഷ്ടങ്ങൾ വീണ് സിങ്ക് എപ്പോഴും നിറം മങ്ങിയാവും കാണപ്പെടുന്നത്. ഒരു കപ്പിൽ പകുതിയോളം ഉപ്പ് ചൂട് വെള്ളത്തിൽ കലർത്തി സിങ്കിലേക്ക് ഒഴിക്കണം. ഇത് പൈപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ഇതിനൊപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും കൂടെ ആഡ് ചെയ്യുകയാണെങ്കിൽ കുറച്ചൂടെ എളുപ്പത്തിൽ വൃത്തിയാകും.
കുക്കിംഗ് പാൻ
എണ്ണയും നെയ്യും ഒക്കെ ഉപയോഗിച്ച് പാകം ചെയ്യുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. അതുകൊണ്ട് തന്നെ കുക്കിങ് പാനുകളിലോ മറ്റ് പാത്രങ്ങളിലോ എണ്ണ വിഴുക്കും എണ്ണ കറയും പറ്റിപിടിച്ചിരിക്കാറുണ്ട്. ഇത് എങ്ങനെ വൃത്തിയാക്കിയാലും പോകണമെന്നില്ല എന്നാൽ ഉപ്പ് ഉപയോഗിച്ച് അനായാസം വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? പാചകം ചെയ്ത് കഴിഞ്ഞ പാനിലേക്ക് അതിലെ ചൂട് പോകുന്നതിന് മുന്നേ കുറച്ച് ഉപ്പ് വിതറിക്കൊടുക്കാം. 10 മിനിട്ടോളം അങ്ങനെ വെച്ചതിന് ശേഷം കിച്ചൻ റോളോ, സ്ക്രബറോ ഉപയോഗിച്ച് ഉപ്പ് തുടച്ച് കളയാം. ശേഷം ചൂട് വെള്ളത്തിൽ പാൻ കഴുകിയെടുക്കണം. ഇത് നിങ്ങളുടെ പാനിന് ഒരു പോറലും വരുത്താതെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു