+

ലക്ഷ്മി പദ്മ ആ പെണ്‍കുട്ടിയെ കണ്ടില്ലായിരുന്നെങ്കില്‍ പെണ്‍വേട്ടക്കാരനെ വിശുദ്ധനായി പ്രഖ്യാപിച്ചേനെ, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍

ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ സജീവ് രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്.

കൊച്ചി: ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ സജീവ് രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്. ലക്ഷ്മി പദ്മയുടെ വെളിപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ ഇന്ന് ധീര രക്തസാക്ഷിയും ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ വന്ന ദൈവത്തിന്റെ കുഞ്ഞാടും കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും വിശുദ്ധനുമായി പ്രഖ്യാപിച്ചേനെയെന്ന് അദ്ദേഹം പറഞ്ഞു.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 

അതിഭയങ്കരമായ ഒരു ഗൂഢാലോചനയുടെ ഇരയായി അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ഒറ്റപ്പെടുകയും കഷ്ടപ്പെട്ട് നേടിയെടുത്ത സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ ഇന്ന് ധീര രക്തസാക്ഷിയും ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ വന്ന ദൈവത്തിന്റെ കുഞ്ഞാടും കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും വിശുദ്ധനുമായി പ്രഖ്യാപിച്ചേനെ Lakshmi Padma യുടെ ഇന്നലത്തെ പോസ്റ്റില്ലായിരുന്നെങ്കില്‍. നമ്മുടെ കണ്മുന്നില്‍ നടന്ന ഒരു മനുഷ്യവേട്ട ഒരു കഥ മാത്രമാവുകയും റോളുകള്‍ മാറിമറിയുകയും ചെയ്‌തേനെ. 

നന്ദി ലക്ഷ്മി. 

നിങ്ങളുടെ പോസ്റ്റിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ വന്ന കഥകള്‍ വിശ്വസിക്കാനാളുണ്ട് എന്ന് കണ്ടു ഞാനും ഒന്ന് ഞെട്ടി. നിസാരമായി എടുക്കണം എന്ന് പറയുന്നില്ല. സാരമായി എടുക്കരുത് എന്ന് പറയാമല്ലോ. 

***

ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഒരു സോഷ്യോപാത്ത്  ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. നമ്മുടെ നാട്ടില്‍ പറഞ്ഞുകേള്‍ക്കാത്ത, അതിഗുരുതരമായ, ക്രിമിനല്‍ സ്വഭാവമുള്ള  ആക്ഷേപങ്ങളാണ് അയാള്‍ക്കെതിരെ പല സ്ത്രീകളും ഉന്നയിച്ചത്. അതില്‍ ഒരെണ്ണം മാത്രമാണ് അയാള്‍ ഇതുവരെ നിഷേധിച്ചത്. അയാള്‍ നിഷേധിക്കുക പോലും ചെയ്യാത്തിടത്തോളം ആ ആരോപണങ്ങള്‍ വച്ചല്ലാതെ അയാളെ വിലയിരുത്താന്‍ സാധിക്കില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി പുറത്താക്കിയ അത്തരം ഒരു വേട്ടക്കാരനെ മലയാളത്തില്‍ ന്യായീകരിക്കാന്‍ ആളുകളുടെ ഒരു പടയുണ്ട്; അയാളെ എതിര്‍ക്കുന്നവരെ ആക്ഷേപിക്കാന്‍ വേറൊരു പടയുമുണ്ട് എന്നത് അയാളും അയാളുടെ പിന്തുണക്കാരും ചേര്‍ത്തുണ്ടാക്കിയ ഒരു ക്രിമിനല്‍ ഗ്യാങ്ങിന്റെ സാന്നിധ്യം നമ്മുടെ സമൂഹത്തിലുണ്ട് എന്നതിന്റെ തെളിവാണ്.
അവരുടെ ശബ്ദത്തിനു കനം കൂടിക്കൂടി വരുന്നു; അയാളെ പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളുടെ സ്വരം മാറുന്നു; ചിലര്‍ നിശ്ശബ്ദരാകുന്നു.  
അത് നമ്മളെ ഭയപ്പെടുത്തേണ്ടതാണ്. അവരുടെ രീതികളും.
എന്താണിക്കൂട്ടര്‍ ചെയ്തു കൊണ്ടിരിക്കുന്നത്?    

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ പരാതി പറയാന്‍ സമയമെടുക്കുന്നു എന്നത് ലോകമെങ്ങും നടക്കുന്ന കാര്യമാണ്. അതിനു കാരണങ്ങളുമുണ്ട്. അതൊന്നും മനസിലാകാതെ, മനസിലായില്ല എന്ന് നടിച്ചു സ്ത്രീകളെ ഇക്കൂട്ടര്‍ ആക്ഷേപിക്കുന്നു.

രാജാവിനെ/ഭരണാധികാരിയെ അപകടപ്പെടുത്താന്‍ വിഷകന്യകകളെ ഉപയോഗപ്പെടുത്തുന്ന രീതി പുരാണങ്ങളില്‍ ഉണ്ട്. നാട്ടിലെ ഒരു രാഷ്ട്രീയ നേതാവ് അയാളുടെ പദവി നല്‍കുന്ന സൗകര്യവും സംരക്ഷണവും  ഉപയോഗിച്ച് വേട്ടയാടി വീഴ്ത്തിയ സ്ത്രീകളെ ഇങ്ങിനെ വിശേഷിപ്പിക്കാന്‍  ഒഴിവുസമയങ്ങളില്‍ നമ്മളെ രാഷ്ട്രീയയും സംസ്‌കാരവും പഠിപ്പിക്കാനിറങ്ങുന്ന ഒരാളെങ്കിലും ഉണ്ട് എന്നത് ക്രൂരമായ ഒരു സത്യമാണ്. അമ്മാതിരി തോന്ന്യാസം പറഞ്ഞ സാമൂഹ്യ അശ്ളീല നാമരൂപത്തെ വെള്ളപൂശി അഞ്ചുപേജ് ഉപന്യാസം എഴുതാന്‍ പണ്ട് കോളേജില്‍ പഠിപ്പിച്ചിരുന്ന ആള്‍ നമ്മുടെ നാട്ടിലുണ്ട്!  

ബലാല്‍സംഗത്തിന് ന്യായമായി പറയുന്ന 'സൂചിയില്‍ നൂലു കോര്‍ക്കുന്ന' ഇമേജറിയെ ഉപയോഗപ്പെടുന്ന പരമ നാറികള്‍ ഇക്കാലത്തും നമ്മുടെ ചുറ്റുമുണ്ട് എന്നത് ഇപ്പോള്‍ നമുക്കും മനസ്സിലായിക്കാണും. 'സമ്മതം' അഥവാ കണ്‍സെന്റ് എന്ന സംജ്ഞ നമ്മുടെ നാട്ടില്‍ നിലവില്‍ വന്നതുതന്നെ അത്യന്തം വിവേചനപരമായ കാഴ്ചപ്പാടുകള്‍ക്കും ഇമ്മാതിരി പ്രയോഗങ്ങള്‍ക്കുമെതിരെ ആധുനിക അറിവുകളുടെയും മെച്ചപ്പെട്ട ജനാധിപത്യ ബോധത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യര്‍ നടത്തിയ നീണ്ടകാല പോരാട്ടത്തിന്റെ ഫലമായാണ്. ആ ഇമേജറി ഇപ്പോള്‍ പരസ്യമായി ന്യായീകരിക്കപ്പെടുകയാണ്! 

പരസ്പര സമ്മതത്തോടെയുള്ള മനുഷ്യബന്ധങ്ങളെ വിധിക്കാതിരിക്കുക; സമ്മതം തര്‍ക്കവിഷയമാണ് എങ്കില്‍ അധികാരത്തിന്റെ ബലാബലം കൂടി  നോക്കുക എന്നത് ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന കാര്യമാണ്. അധികാര ബന്ധങ്ങളില്‍ വ്യത്യാസമുള്ള ആളുകള്‍ തമ്മിലുള്ള fiduciary relationship എന്ന കാര്യം നിയമങ്ങള്‍ അംഗീകരിക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള പല കമ്പനികളിലും രണ്ടു റാങ്കിലുള്ള മനുഷ്യര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്; വേണമെങ്കില്‍ ഒരാള്‍ രാജിവയ്ക്കണം. അധികാരത്തിന്റെയും പദവിയുടെയും ബലത്തില്‍ ആളുകളെ കീഴടക്കുന്ന പരിപാടി അംഗീകരിക്കില്ല, അത്രതന്നെ.
അതൊന്നും മനസിലാകാത്തവര്‍ ഒരു സോഷ്യോപാത്തിനുവേണ്ടി നമ്മുടെ നാടിനെ എത്ര വേഗമാണ് പിന്നോട്ട് വലിച്ചുകൊണ്ടുപോകുന്നത്!

എത്ര വേഗമാണ് സമീകരണ സമവാക്യങ്ങള്‍ സജീവമാകുന്നത്! ലൈംഗികാതിക്രമ കേസുകള്‍ നേരിടുന്ന മൂന്നു എം എല്‍ എ മാര്‍ നമ്മുടെ നിയമസഭയിലുണ്ട്. അതിന്മേല് നിയമനടപടികളുണ്ട്. അതിലൊന്നും പെടാത്തത്ര ഹീനമായ കാര്യങ്ങള്‍ ചെയ്തു എന്നാണ് മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ എന്ന് മനസിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. അത് പക്ഷെ സമ്മതിക്കാതെ നമ്മുടെ നാട്ടില്‍ നടക്കുന്ന സാധാരണ കാര്യമാണ് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന, ക്രൂരമായി സംസാരിക്കുന്ന ഇയാള്‍ ചെയ്യുന്നത് എന്ന് പറഞ്ഞുറപ്പിക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്.  

പൊറുക്കല്‍ നീതിയുടെ പ്രവാചകര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചവരെ വിചിത്രരീതിയില്‍ അളന്നിടുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ദൗത്യം. സ്ത്രീകള്‍ ആരോപണമുന്നയിച്ചപ്പോഴൊന്നും മിണ്ടാതെ, ഉരിയാടാതിരുന്ന ഈ ദൗത്യസംഘം ഇയാള്‍ക്കെതിരെ സമൂഹത്തിലുണ്ടായ എതിര്‍പ്പ് ഗുണപരമായ ഫലങ്ങളുണ്ടാക്കുമെന്ന്  കണ്ടപ്പോള്‍ 'അടിയന്‍ ലച്ചിപ്പോം'  എന്നു പറഞ്ഞു ചാടിവീണിട്ടുണ്ട്.  

'നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കാലുടക്കി വീഴാതെയും, പരാതിക്കാരികളുടെ സങ്കടത്തെ മുതലെടുത്ത് സ്വന്തം കാര്യം നേടാന്‍ നോക്കുന്ന അവസരവാദികളായ മൂന്നാംകക്ഷികളുടെ കുതന്ത്രങ്ങളില്‍ അകപ്പെടാതെയും, പരാതിക്കാരികളെ സഹായിക്കാന്‍ ഫെമിനിസ്റ്റ്‌സംഘങ്ങള്‍ക്ക് കഴിയണം,' എന്നാണ് നിര്‍ദ്ദേശം. ആരാണ് ഈ മൂന്നാം കക്ഷി? ആ പെണ്കുട്ടികള്‍ക്കൊപ്പം നിന്നവരോ?
എത്രപെട്ടെന്നാണ് കഥാപാത്രങ്ങള്‍ മാറുന്നത്! എത്രപെട്ടെന്നാണ് മനുഷ്യരെ, നിങ്ങളുടെ അജണ്ട പുറത്തുചാടുന്നത്! 

അതും പോരാ. 'ഇതു ചെയ്യാതെ കുറ്റാരോപിതനോടുള്ള രോഷം അയാളുടെ പൌരാവകാശങ്ങളെ ചവിട്ടിക്കൂട്ടുംവിധം പ്രകടിപ്പിക്കുന്നത് പലരുടെയും ഉള്‍താപത്തെ ശമിപ്പിക്കുമായിരിക്കും. പക്ഷേ നിയമത്തിനു മുമ്പിലും ജനങ്ങള്‍ക്കു മുമ്പിലും പരാതിക്കാരികളുടെ ജയസാദ്ധ്യത, പൊതുസമ്മതി, ഇവയെ കുറയ്ക്കാനെ അത് ഉതകൂ. പരാതിക്കാരികളുടെ മുറിവുണങ്ങലും അവര്‍ക്കു നീതിയുമാണ് വേണ്ടത്, അല്ലാതെ പ്രതികാരവും സിനിസിസം നിറഞ്ഞ മുതലെടുപ്പുമല്ല.'
എങ്ങിനെയുണ്ട്? ഉള്‍ത്താപത്തെ ശമിപ്പിക്കാനാണ് ആളുകള്‍ ഒരു സോഷ്യോപാത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെടുന്നത്! 
ഇത്തരം കുളയട്ടകളെക്കൂടി പ്രതിരോധിച്ചാണ് നമ്മളിവിടെവരെയെത്തിയത് എന്നവര്‍ക്കറിയില്ലലോ.    

കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം കാണാതെ പോകരുത്. വയനാട് ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് യൂത്ത് കോണ്‍ഗ്രസുകാരാണ്. മാങ്കൂട്ടത്തിലിന്റെ വൈകൃത സ്വഭാവത്തെപ്പറ്റി അന്തരീക്ഷത്തില്‍ പറന്നുനടന്ന, ഹു കെയേഴ്‌സ് എന്ന് അയാള്‍ തന്നെ പുച്ഛിച്ച കാര്യങ്ങളെ കൃത്യമായി അയാളിലേക്കെത്തിച്ചത് കോണ്‍ഗ്രസ് അനുഭാവിയായ ഒരു സ്ത്രീയാണ്. (അതും, ഓണ്‍ലൈന്‍ പ്രചാരണങ്ങളെ വിശ്വസിക്കാമെങ്കില്‍, കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍നിന്നും വന്ന ഒരു പെണ്‍കുട്ടി.) അത് പുറത്തുവന്നയുടനെ പ്രതികരിച്ചത് കോണ്‍ഗ്രസുകാരികളായ സ്ത്രീകളാണ്. രമേശ് ചെന്നിത്തല മുതല്‍ വി ഡി സതീശനും ജോസഫ് വാഴയ്ക്കനും ഉമാ തോമസും ഷാനിമോള്‍ ഉസ്മാനുമടക്കമുള്ള കോണ്‍ഗ്രസുകാരാണ് ഒരു പെണ്‍വേട്ടക്കാരന്‍ പാര്‍ട്ടിയില്‍ വേണ്ട എന്ന നിലപാടെടുത്തത്.  

അവരെയൊക്കെ കടന്നാക്രമിക്കുകയും കടുത്ത നടപടികള്‍ ഉണ്ടാകുമെന്നു പരസ്യമായി പറഞ്ഞ സംസ്ഥാന നേതാക്കളെ പോലും നിശ്ശബ്ദരാക്കുകയും  ചെയ്ത ഒരു കാളികൂളി സംഘം കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കും എന്ന അവസ്ഥ ഇപ്പോളുണ്ട്. അതായിരുന്നില്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം എന്ന കാര്യം ഇനിയും തിരിച്ചറിയാത്ത  കോണ്‍ഗ്രസുകാര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
കോണ്‍ഗ്രസ് നേതാക്കളെ നിശ്ശബ്ദരാക്കുന്നതില്‍ വിജയിച്ച സംഘം  മാധ്യമങ്ങളുടെ നേരെ തിരിയുന്നതും കാണുന്നു. ഈ വിഷയത്തില്‍ പോലും മിനിമം റിപ്പോര്‍ട്ടിങ് മാത്രമാണ് മാധ്യമങ്ങള്‍ നടത്തിയത് എന്നോര്‍ക്കണം. ആളുകള്‍ മുന്‍പോട്ടു വന്നു പറഞ്ഞ കാര്യങ്ങളല്ലാതെ സ്വന്തമായി അവയുടെ പിറകെ പോയി കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പോലും അവര്‍ നടത്തിയില്ല എന്നോര്‍ക്കണം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ആരാധകനല്ല ഞാന്‍; പക്ഷെ അവര്‍ക്കുനേരെ ഇപ്പോള്‍ നടക്കുന്ന ആക്രമണം ആസൂത്രിതമാണ്, അവരെയും നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വേണം കരുതാന്‍.

***

നമ്മുടെ നാട്ടില്‍ സാധാരണ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ സ്വഭാവമല്ല രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രജിസ്റ്റര്‍ ചെയ്തതും  ചെയ്യപ്പെടാത്തതുമായ കേസുകള്‍ എന്നോര്‍ക്കുക.
നമ്മുടെ നാട്ടിലെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടാകുന്ന  ആരോപണമല്ല ഇയാള്‍ക്കുനേരെ ഉണ്ടാകുന്നത്. ഒരു മുന്‍ എം പി യുടെ മകള്‍ക്കുനേരെ ഇയാള്‍ കാണിച്ച നൃശംസതകളുടെ റിപ്പോര്‍ട്ടുകള്‍ എമ്പാടും വന്നിട്ടും ഒരാളും നിഷേധിച്ചില്ല . വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളാണ്; ഞങ്ങള്‍ക്കും ഈ സംഘടനയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് പറഞ്ഞത് യൂത്ത്  കോണ്‍ഗ്രസ് നേതാവായ സ്ത്രീയാണ്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസുകാരൊക്കെ  നിശ്ശബ്ദരാക്കപ്പെടുന്ന കാഴ്ച  അപകടകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.   

അയാള്‍ക്കുവേണ്ടി നാണം കെട്ട പ്രതിരോധവുമായി വരുന്നത് കൂലിയെഴുത്തുകാര്‍ മാത്രമല്ല നമ്മുടെ നാട്ടിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വയം പ്രഖ്യാപിത സ്ഥിരം പ്രമാണിമാരുണ്ട് എന്നത്  കാണുക. 
അവരിറങ്ങി സ്ത്രീകള്‍ എത്രയോ പതിറ്റാണ്ടുകളിലെ പ്രതിരോധവും സമരങ്ങളും കൊണ്ട് നേടിയ പരിമിതമായ സമത്വ സാഹചര്യങ്ങള്‍ പോലും റദ്ദു ചെയ്യാനുള്ള ശ്രമം നടത്തുന്നു എന്നോര്‍ക്കുക. 'വിഷകന്യക'യും 'സൂചിയും നൂലു'മൊക്കെ ന്യായീകരിക്കുന്ന ചരിത്ര ഹീനന്മാര്‍ 'തമ്പ്രാന്‍' വിളിയ്ക്കും 'പാളയിലെ കഞ്ഞി'കുടിയ്ക്കും ന്യായീകരണ സാഹിത്യമെഴുതും, അധികം താമസിയാതെ.  

ഇക്കാലം കൊണ്ട് നമ്മളുണ്ടാക്കിയ സാമാന്യബോധത്തെയും സാമൂഹ്യബോധത്തെയും നീതിബോധത്തെയും തലകുത്തിര്ത്തുന്ന കാര്യത്തില്‍ അവര്‍ കാര്യമായി വിജയിച്ചിട്ടുണ്ട് എന്ന് കാണാം.  
ഇതൊരു സോഷ്യോപാത്ത് പിടിക്കപ്പെട്ടുപോയ സംഭവം മാത്രമല്ല. അയാളെ ന്യായീകരിക്കാനുള്ള ശ്രമത്തിനിടയില്‍ എന്നോ കുഴിച്ചിട്ടു എന്ന് നമ്മള്‍ അഭിമാനിച്ചിരുന്ന സര്‍വ്വ സാമൂഹ്യ വിഷപ്പാമ്പുകളും പുനര്‍ജ്ജനി പ്രാപിക്കുകയും ആഴത്തില്‍നിന്നു കയറിവന്നു നമ്മുടെ സാമൂഹ്യ ഗാത്രത്തെ ആഞ്ഞു ദംശിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 
നമ്മളുണ്ടാക്കിയ സര്‍വ്വ നന്മകളുടെമേലും അവ നീലനിറം പടര്‍ത്തുന്നുണ്ട്. 
പിടിച്ചതിനേക്കാള്‍ വിഷമുള്ളതാണ് അളയിലുള്ളത്.

facebook twitter