തിരുവനന്തപുരം: സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്‌തെന്ന ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ.
ആശാ പ്രവര്‍ത്തകരുടെ 266 ദിവസം നീണ്ടുനിന്ന സമരത്തിന്റെ സമാപനച്ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. രാഹുല്‍ പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോലും സ്ഥലത്ത് വൈകിയെത്തിയപ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളേണ്ട കെകെ രമ രാഹുലിനൊപ്പം പരിപാടിയില്‍ പങ്കെടുത്തത് കാപട്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു.
നടി റിനി ആന്‍ ജോര്‍ജ്, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍, മറ്റു ചില സ്ത്രീകള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അശ്ലീല സന്ദേശമയച്ചതും ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തിയതുമെല്ലാം വിവാദമായതോടെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വ്യക്തിയാണ് രാഹുല്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടിവന്ന രാഹുല്‍ ആഴ്ചകളോളം രാഷ്ട്രീയ വനവാസത്തിലുമായിരുന്നു. അന്ന് രാഹുലിനെതിരെ വിമര്‍ശനവുമായെത്തിയ രമ ഇപ്പോള്‍ എങ്ങിനെയാണ് അയാളുമായി വേദി പങ്കിടുന്നതെന്നാണ് ചോദ്യമുയരുന്നത്.
ശമ്പളവര്‍ധന, പെന്‍ഷന്‍, മറ്റു ആവശ്യങ്ങള്‍ എന്നിവ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയശേഷം ആശാവര്‍ക്കര്‍മാര്‍ സമരം അവസാനിപ്പിച്ച വേദിയിലാണ് രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.
യുഡിഎഫ്, ബിജെപി നേതാക്കളും കെകെ രമയും പരിപാടിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പോലും രാഹുലിനെതിരെ ശക്തമായ പ്രതികരണം നടത്തിയപ്പോഴും രമ ദുര്‍ബലമായ വിമര്‍ശനം നടത്തി ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വടകര എംപി ഷാഫി പറമ്പിലിന്റെ അടുത്ത സുഹൃത്ത് ആയതിനാലാണ് രാഹുലിനെ രമ തള്ളിക്കളയാത്തതെന്നും വിമര്‍ശനമുണ്ട്.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു. രാഹുല്‍ വേദിയിലുണ്ടെന്ന വാര്‍ത്തയില്‍ സതീശന്റെ എത്തല്‍ വൈകി. രാഹുല്‍ വേദിവിട്ടശേഷമാണ് സതീശന്‍ എത്തിയത്.
ലൈംഗിക വൈകൃതിക്കാരനെ സ്വീകരിക്കുന്നത് ആശമാരുടെ പോരാട്ടത്തിനും പേരുദോഷമുണ്ടാക്കുന്നതാണ്. സ്ത്രീപക്ഷം എന്ന് പറയുന്നവര്‍ തന്നെ സ്ത്രീകളെ ചൂഷണം ചെയ്തവനെ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചു.