തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷം ധൂർത്താണെന്ന ആരോപണങ്ങൾ തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാറുകൾ മുടക്കുന്ന തുകപോലും കേരള സർക്കാർ ചെലവഴിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. പിണറായി സർക്കാറിന് പി.ആർ വർക്ക് കുറവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സർക്കാർ വാർഷികാഘോഷം ധൂർത്താണെന്ന് പ്രതിപക്ഷം ഉൾപ്പടെ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
വാർഷികാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ സ്റ്റാളുകളുണ്ടാകും. അതിൽ നിന്ന് വരുമാനം ലഭിക്കും. 40 ശതമാനം വരുമാനം ഇങ്ങനെ ലഭിക്കും. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് വാർഷികാഘോഷം നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. ചെലവ് പരമാവധി ചുരുക്കിയാണ് വാർഷികാഘോഷം സംഘടിപ്പിക്കുകയെന്നും ധനമന്ത്രി കൂട്ടിചേർത്തു.
അതേസമയം, വാർഷികാഘോഷം നടക്കുന്ന സ്ഥലത്തിലെ പന്തലുകൾക്കായി മാത്രം സംസ്ഥാന സർക്കാർ 20 കോടിയിലേറെ ചെലവഴിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കിഫ്ബിയാണ് ഈ തുക ചെലവഴിക്കുകയെന്നാണ് സൂചന. പല സ്ഥലത്തും സ്റ്റാളുകൾക്ക് ഒന്നരകോടിയിലേറെ ചെലവഴിക്കുമെന്നാണ് സൂചന.
വാർഷികം ആഘോഷിക്കാൻ സർക്കാറിന് എന്ത് അവകാശമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു. വന്യജീവി ആക്രമണം ചെറുക്കാൻ കിടങ്ങ് നിർമിക്കാൻ പോലും പണമില്ലെന്നാണ് സർക്കാർ പറയുന്നത്. ഈ ആഘോഷം തമാശയായി മാറും. ഇതിനെ ജനങ്ങൾ വെറുക്കും. വാർഷിക ആഘോഷത്തിന് ചെലവഴിക്കുന്ന തുക ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.