കൊച്ചിയിൽ ലക്ഷങ്ങൾ കടന്ന് പൊരിഞ്ഞ ലേലം വിളി ; KL 07 DG 0007 നമ്പർ ലേലത്തിൽ പോയത് 45 ലക്ഷത്തിന്

09:06 AM Apr 08, 2025 | Neha Nair

കൊച്ചി : ഇഷ്ടപെട്ട വാഹനം വാങ്ങുന്നതിനും അതിന് ഫാൻസി നമ്പറുകൾ കണ്ടെത്തുന്നതിലും ചിലർക്ക് പ്രത്യേക താല്പര്യമാണ്. ഇത്തരത്തിൽ നമ്പറുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നതിൽ പലർക്കും ഒരുമടിയുമില്ല. ഇത്തരത്തിൽ ഇഷ്ട നമ്പർ സ്വന്തമാക്കാനായി വാശിയേറിയ ലേലമാണ് കൊച്ചിയിൽ നടന്നിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന നമ്പറിനായുള്ള ലേലം വിളി ആയിരങ്ങളും ലക്ഷങ്ങളും കടന്നു.

25,000 രൂപ അഡ്വാൻസ് തുക നൽകി ബുക്കുചെയ്യുന്ന ഈ നമ്പർ സ്വന്തമാക്കാൻ അഞ്ചുപേരാണ് മത്സരിച്ച് ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവിൽ 45 ലക്ഷം രൂപയ്ക്കാണ് KL 07 DG 0007 എന്ന ഫാൻസി നമ്പർ ലേലത്തിൽ പോയിരിക്കുന്നത്. ഇൻഫോപാർക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയാണ് ഈ നമ്പർ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലംബോർഗിനി ഉറുസ് എസ്‍യുവിയിലാണ് KL 07 DG 0007 എന്ന നമ്പ‍ർ പതിയുക. നാലരക്കോടിയോളം വില വരുന്ന വാഹനമാണ് ലംബോർഗിനി ഉറുസ് എസ്‍യുവി.

ഏറ്റവും ഉയർന്ന വിലയ്ക്ക് ലേലം നടന്ന മറ്റൊരു നമ്പർ KL 07 DG 0001 ആയിരുന്നു. ഒരുലക്ഷം രൂപ അഡ്വാൻസ് തുക നൽകി നാലുപേരാണ് ഈ നമ്പർ ബുക്കുചെയ്തത്. ഇതേതുടർന്ന് ലേലത്തിലേക്ക് പോയ ഈ നമ്പർ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയതെന്നാണ് റിപ്പോർട്ട്. പിറവം സ്വദേശിയായ തോംസൺ എന്നയാളുടെ വാഹനത്തിന് നൽകുന്നതിനായാണ് എറണാകുളം DG സീരീസിലെ ഒന്നാം നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. ഏത് മോഡൽ വാഹനമാണെന്നതിന്റെ സുചനകൾ ലഭിച്ചിട്ടില്ല.