+

പരസ്യ മദ്യപാനം: കൊടി സുനി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തലശേരി പൊലിസ് കേസെടുത്തു

തലശേരികോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തിൽ തലശേരി ടൗൺ പൊലിസ് കേസെടുത്തു

തലശേരി : തലശേരികോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തിൽ തലശേരി ടൗൺ പൊലിസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാൻ തെളിവ് ഇല്ലെന്നും നേരത്തെ തലശേരി പൊലീസ് പറഞ്ഞിരുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ കഴിയാതെ കേസ് നിൽക്കില്ലെന്നായിരുന്നു തലശേരി പൊലീസിന്റെ വാദം. എന്നാൽ, കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡി.ജി.പി റവാഡ ചന്ദ്രശേഖർ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കണ്ണൂരിൽ പ്രതികരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തലശേരി ടൗൺ പൊലിസ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.

ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊന്ന കേസിൽ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണൽ ജില്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സംഭവം.കോടതിയിൽനിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ കോടതിക്ക് സമീപമുള്ള ഹോട്ടൽ മുറ്റത്ത് വെച്ച് പൊലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്ന് സംസ്ഥാന ഇൻ്റലിജൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് മാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

facebook twitter