
കോഴിക്കോട് : കൊടുവള്ളിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച സിനിമ സ്റ്റൈലിൽ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയിൽനിന്നാണ് യുവാവിനെ കണ്ടെത്തിയത്.
ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. വിദേശത്തുവെച്ച് സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയമുണ്ടായിരുന്നു. കുഴൽപണ-സ്വർണക്കടത്ത് സംഘത്തേയും പൊലീസ് സംശയിച്ചിരുന്നു.
അതിനിടെ തട്ടിക്കൊണ്ടു പോയവരുടെ ചിത്രങ്ങളടക്കം പൊലീസ് പുറത്തുവിട്ടിരുന്നു. കെ.എൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയതെന്ന് പറയുന്നു. എന്നാൽ ഈ കാർ നമ്പർ വ്യാജമാണെന്നു പിന്നീട് കണ്ടെത്തി. കൊടുവള്ളി പൊലീസ് അനൂസ് റോഷനെയുംകൊണ്ട് കൊടുവള്ളിയിലേക്ക് തിരിച്ചിട്ടുണ്ട്.