ആർക്കും വേണ്ടാതെ കണ്ണൂരിലെ കോളിത്തട്ട് സഹകരണ ബാങ്ക് ;അറബി ബ്രാഞ്ച് പൂട്ടി,നിക്ഷേപകർ പെരുവഴിയിൽ

09:45 AM Apr 11, 2025 | AVANI MV


പോരാവൂർ : ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട  15 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന മലയോര മേഖലയിലെ സഹകരണ ബാങ്ക് പൂർണമായും അടച്ചുപൂട്ടലിലേക്ക് .സി പി എം കഴിഞ്ഞ 30 വർഷമായി ഭരിച്ച കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആളുകളില്ല.പുതിയ ഭരണസമിതിയുണ്ടാക്കിപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് മുഖം രക്ഷിക്കാനുള്ള സി.പി.എം തന്ത്രമാണ് ഇതോടെ പാളിയത്.

വൻസാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ  തുടർന്ന് 6000 ത്തോളം അംഗങ്ങളുള്ള ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു . ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ കടുത്ത  സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി പണം തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകാനുള്ള നടപടികൾ അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും നടത്തിയെങ്കിലും കാര്യമായ  സഹകരണം ലഭിക്കാതെ വന്നതോടെ ലക്ഷ്യം കണ്ടില്ല. ഇതിനെ തുടർന്നാണ് ഏപ്രിൽ 27 ന് തെരഞ്ഞെടുപ്പ്നടത്താൻ പ്രഖ്യാപനം വന്നത് .

 ഒൻപതി ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി കഴിഞ്ഞിട്ടും ആരും പത്രിക സമർപ്പിക്കാതെ വന്നതോടെയാണ് ബാങ്കിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്തിലേക്ക് നീങ്ങുന്നത് 'അഴിമതി ആരോപണങ്ങൾ തെളിഞ്ഞതിനാൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്ററായിചുമതലയേറ്റ അസി. രജിസ്ട്രാർ ജയശ്രീയുടെ കാലാവധി  മെയ് 12 ന് അവസാനിക്കുന്നതോടെ വീണ്ടും ബാങ്കിന്റെ പ്രതിസന്ധി വർദ്ധിക്കുമെന്നാണ് സൂചന. വീണ്ടും ഒരു ഉത്തരവിലൂടെ അഡ്മിനിസ്ട്രേറ്ററുടെ കാലാവധി വീണ്ടും  ആറുമാസത്തേക്ക് കൂടി നീട്ടുക അല്ലെങ്കിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കുക എന്നതാണ് രണ്ട് മാർഗങ്ങൾ . ഇവ രണ്ടും നിക്ഷേപകരുടെ തുക തിരിച്ചുനൽകാൻ കഴിയാത്തവിധം സങ്കീർണ്ണമാണ്. സ്വമേധയാ മുന്നോട്ട് വരുന്ന ബാങ്കിന്റെ മൂന്ന് അംഗങ്ങൾ ഉൾകൊള്ളുന്നതാണ്  അഡ്മിനിസ്‌റേറ്റീവ് കമ്മറ്റി . ഇവരിൽ ആരു ഭരണം നടത്തിയാലും വീണ്ടും അടുത്ത ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി ഭരണ സമിതിക്ക്  കൈമാറണം . നിലവിൽ കൊള്ളയടിക്കാൻ ഒന്നും ബാക്കിയില്ലാത്ത ബാങ്കിലേക്ക് മത്സരിക്കാൻ ആരും മുന്നോട്ട് വരാത്ത സഹചര്യത്തിൽ നിക്ഷേപകരുടെ 15 കോടി രൂപ എങ്ങനെ ലഭിക്കും എന്നതിന് ആർക്കും ഉത്തരമില്ല.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലവിൽ വന്നതിന് ശേഷം ബാങ്കിന് നഷ്ടപെട്ട പണം തിരിച്ചുപിടിക്കാനായുള്ള ശക്തമായ ശ്രമം നടത്തിയെങ്കിലും തിരിച്ചുപിടിക്കാൻ കഴിഞ്ഞത് 55 ലക്ഷത്തോളം രൂപ മാത്രമാണ് . അതിൽ കേസ് നടത്തിപ്പിന് ചിലവായ മൂന്ന് ലക്ഷവും   ശമ്പളം ഉൾപ്പെടെയുള്ള ബാങ്കിന്റെ നടത്തിപ്പ് ചെലവുകൾ കഴിച്ച്  അവശേഷിക്കുന്നത് തുച്ഛമായ 40 ലക്ഷം രൂപ മാത്രമാണ് . ഈ തുക എന്ത് അനുപാതത്തിൽ  നിക്ഷേപകർക്ക് തിരിച്ചുനൽകണം എന്ന ആശങ്കയിലാണ് അഡ്മിനിസ്ട്രേറ്റർ . അതിനിടയിലാണ് ബാങ്കിന്റെ അറബിയിലുള്ള ബ്രാഞ്ച് പൂട്ടിയിരിക്കുന്നത് . പുതിയ എന്ത് ഉത്തരവുകൾ വന്നാലും കോളിത്തട്ട് ബാങ്കിലെ നിക്ഷേപകരുടെ 15 കോടി രൂപക്ക് യാതൊരു തീരുമാനവും ഉണ്ടാകില്ല എന്നതാണ് ലഭിക്കുന്ന സൂചനകൾ . 30 വർഷങ്ങൾക്ക് മുൻപാണ് യു.ഡി.എഫിൽ നിന്നും കോളിത്തട്ട് സഹകരണ ബാങ്ക് ഭരണം സി.പി.എം പിടിച്ചെടുക്കുന്നത്.