കൊല്ലം: നഗരത്തിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ എം.ഡി.എം.എയുമായി യുവാവും പെൺസുഹൃത്തും പിടിയിലായി. കൊല്ലം ചന്തനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തിൽ അച്ചു (30), എറണാകുളം, പച്ചാളം, ഓർക്കിഡ് ഇൻറർനാഷണൽ അപ്പാർട്ട്മെൻറിൽ സിന്ധു (30) എന്നിവരാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പോലീസും സംയുകതമായി നടത്തിയ രഹസ്യ നീക്കത്തിലൂടെ പിടിയിലായത്.
ഇവരിൽ നിന്ന് 3.87 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പിടികൂടാനായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കൊല്ലം എസ്.എൻ കോളേജിന് സമീപമുള്ള സ്വകാര്യ റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പരിശോധനയിൽ ഒന്നാം പ്രതിയായ അച്ചുവിൻറെ പക്കൽ നിന്നും 1.985 ഗ്രാമും രണ്ടാം പ്രതിയായ സിന്ധുവിൻറെ പക്കൽ നിന്നും 1.884 ഗ്രാമും എം.ഡി.എം.എ പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിന് മുമ്പ് 2023ൽ 88 ഗ്രാമിലധികം എം.ഡി.എം.എ കടത്താൻ ശ്രമിച്ചതിന് പാലക്കാട് കൊല്ലംകോട് പൊലീസും ഇവരെ അറസ്റ്റ് ചെയ്യ്തിരുന്നു.
ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി അന്തർസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ പോലൂള്ള സിന്തറ്റിക്ക് മയക്ക് മരുന്നുകൾ കടത്തിക്കൊണ്ട് വന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ വിതരണം ചെയ്യ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കിവരികയായിരുന്നു പ്രതികൾ.
കൊല്ലം എ.സി.പി ഷരീഫിൻറെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽ കുമാറിൻറെ നേതൃത്വത്തിൽ എസ്.ഐമാരായ സവിരാജൻ, ഷൈജു, അശോകൻ, സി.പി.ഒമാരായ അനീഷ്, രാഹുൽ, ആദർശ്, വനിത സി.പി.ഒ രാജി എന്നിവരും എസ്.ഐ സായിസേനൻറെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.