കാലോചിതമായ വികസന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കി: നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

08:57 PM Nov 05, 2025 | AVANI MV

കൊല്ലം : കാലോചിതമായ വികസന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎൻവി പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ബഹുമുഖ വികസന നേട്ടങ്ങൾ കൈവരിച്ചത്. അഞ്ചു വർഷത്തിനിടെ മൂവായിരത്തോളം ജനക്ഷേമ വികസന പദ്ധതികൾ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ജില്ലയിലെ 160 ഓളം സ്‌കൂളുകളിൽ ആധുനിക ഗ്രന്ഥശാലകൾ സ്ഥാപിച്ചു. കുരിയോട്ടുമല ഫാമിൽ നിന്ന് പാൽ ഉൽപനങ്ങൾ വിപണിയിലെത്തിച്ചു. കാർഷിക മേഖലയിൽ 'കതിർമണി' ബ്രാൻഡഡ് അരി അവതരിപ്പിച്ചു. ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. നിർമിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. കാലാവസ്ഥ വ്യതിയാനം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠന-ഗവേഷണങ്ങൾ ത്രിതല പഞ്ചായത്ത് തലങ്ങളിൽ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ അനിൽകുമാർ, അനിൽ എസ് കല്ലേലിഭാഗം, സാം കെ ഡാനിയൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.