+

കണ്ണൂരിൽ മാല മോഷണ കേസിൽ അറസ്റ്റിലായ കൂത്തുപറമ്പ് നഗരസഭാ കൗൺസിലറെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കി

കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്ന കേസിൽ പ്രതിയായ പി.പി രാജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂർജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്ന കേസിൽ പ്രതിയായ പി.പി രാജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂർജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ രാജേഷ് പാർട്ടിയുടെ യശസിനും സൽപ്പേരിനും കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സി.പി.എം നഗരസഭാ കൗൺസിലർ പിടിയിലായത് നാടിനെ ഞെട്ടിച്ചിരുന്നു. കൂത്തു പറമ്പ് നഗരസഭയിലെ നാലാം വാർഡായ നൂഞ്ഞുമ്പായിയിലെ സി.പി.എം കൗൺസിലർ മൂര്യാട് സ്വദേശി പി.പി രാജേഷാണ് മോഷണ കേസിൽ പിടിയിലായത്. നാടിനെയാകെ ഞെട്ടിച്ച കേസിൽ സി.പി.എം പ്രാദേശിക നേതാവ് പിടിയിലായത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ശുപാർശചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തിരനടപടി സ്വീകരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. ഈ വീടുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് രാജേഷ്. സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി കവർച്ചയ്ക്കിരയായ കണിയാർ കുന്നിലെ കുന്നുമ്മൽ വീട്ടിൽ പി.ജാനകിയുടെ (77) വീട്ടിൽ ഇയാൾ വരാറുണ്ടായിരുന്നു.. പാർട്ടി പരിപാടികൾ അറിയിക്കുന്നതിനും ലോക്കൽ കമ്മിറ്റിയംഗ മെന്ന നിലയിൽ എത്തിയിരുന്നു.

A municipal councilor broke the necklace of an elderly woman who was cutting fish from behind her house in Koothuparamba, Kannur.

വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടായിരുന്ന ഇയാൾ ജാനകിയുടെ മാല കവരുന്നതിനായി മഴക്കോട്ടും ഹെൽമെറ്റും കൈയ്യുറയും ധരിച്ചു തൻ്റെ ജുപ്പിറ്റർ സ്കൂട്ടറിലാണ് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച 12.45 ന് വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നും മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ പിൻകഴുത്തിൽ പിടിക്കുകയും മാല പൊട്ടിച്ചു റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. സ്കൂട്ടറിൻ്റെ നമ്പർ പ്ളേറ്റ് മറച്ചിരുന്നുവെങ്കിലും നീലകളർ സ്കൂട്ടർ പൊലിസ് അന്വേഷണത്തിൽ തിരിച്ചറിയുകയായിരുന്നു..കുത്തുപറമ്പ് എ.സി.പി കെ. വി പ്രമോദിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പി.പി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കവർച്ച ചെയ്ത ഒരു പവൻ്റെ മാല ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

facebook twitter