
കണ്ണൂർ : കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരിൽ ഒരാളെന്ന് പാർട്ടി നേതൃത്വം തന്നെ ആരോപിച്ച രാവഡ ചന്ദ്രശേഖറിനെ പുതിയഡിജിപിയാക്കിയതിനെ ചൊല്ലി സി.പി.എമ്മിൽ അതൃപ്തിയും പടരുമ്പോൾ വാരിവിതറുന്ന ന്യായീകരണ ക്യാപ്സൂളുമായി അണികളെ ശാന്തരാക്കാൻ നേതാക്കൾ അരയും തലയും മുറുക്കി രംഗത്തെത്തി.രണ്ടാം പിണറായിസർക്കാരിനെ പരോക്ഷമായി വിമർശിച്ചു സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജൻ രംഗത്തുവന്നതോടെയാണ് കനൽഅണഞ്ഞു കിടന്നിരുന്ന കൂത്തു പറമ്പ് സമരത്തിൻ്റെ ഓർമ്മകളും വീണ്ടും ചൂടേറിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴി തുറന്നത്.
രണ്ടാം പിണറായി സർക്കാരിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൂത്തുപറമ്പ് സമരത്തിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എഫ്. ഐ നേതാവ് എംവി ജയരാജൻ രംഗത്തുവന്നതോടെ പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരൻ രാവഡ ചന്ദ്രശേഖർ അല്ലെന്നാണ് എം.വി ജയരാജൻ്റെ പുതിയ ക്യാപ്സൂൾ' വെടിവെപ്പിൽ രാവഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോൾ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയെന്നും എം വി ജയരാജൻ പറഞ്ഞു.
ആലപ്പുഴ വലിയകുളങ്ങരയിൽ എം എ അലിയാർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് എം. വിജയരാജൻ പുതിയ വിശദീകരണവുമായി രംഗത്തുവന്നത്. രാവഡ ചന്ദ്രശേഖർ കൂത്തുപറമ്പ് സംഭവത്തിന് മുൻപ് എം വി രാഘവനേ ബന്ധപ്പെടുകയോ കണ്ടതായോ പോലും പരാതിക്കാർ വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് എം വി രാഘവനുമായി മുൻപരിചയമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും ജയരാജൻ വ്യക്തമാക്കി. അന്നത്തെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആന്റണി, ഡിവൈഎസ്പി അബ്ദുൾ ഹക്കിം ബത്തേരി എന്നിവരാണ് പ്രകടനക്കാർക്ക് നേരെയുള്ള ലാത്തിച്ചാർജിനും വെടിവെപ്പിനും പിന്നിലെന്നാണ് തെളിവുകൾ കാണിക്കുന്നത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പാർട്ടിയല്ല ലാത്തി ചാർജിന് തുടക്കമിട്ടതെന്നും മറിച്ച് മന്ത്രിയുടെ എസ്‌കോർട്ടിലുള്ള ഡിവൈഎസ്പിയാണ് ലാത്തി ചാർജിന് തുടക്കമിട്ടത് എന്നാണ് തെളിവുകൾ കാണുന്നത്. അസന്നിഗ്ദമായി കമ്മീഷൻ റിപ്പോർട്ടിൽ രാവഡ ചന്ദ്രശേഖർ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് കൂത്തുപറമ്പ് വെടിവെപ്പിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോഴാണ് അതിശയം തോന്നുന്നത്. അത് സദുദ്ദ്യേശത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.ഹക്കിം ബത്തേരിയുടെ ആദ്യത്തെ അടി കിട്ടുന്നത് തനിക്കാണെന്നും ബോധരഹിതനായി കൂത്തുപറമ്പിൽ താൻ വീണുവെന്നും എം വി ജയരാജൻ പറഞ്ഞു.
രാവഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനു പിന്നാലെ സിപിഐ എമ്മിലെ ഭിന്നത പുറത്ത് വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പിൽ റവാഡ ചന്ദ്രശേഖറിന്റെ പങ്ക് ഓർമിപ്പിച്ച് പി ജയരാജൻ രംഗത്തെത്തിയതോടെയാണ് വിഷയത്തിന് ചൂടുപിടിക്കുന്നത്. വെടിവെയ്പുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി റവാഡ ചന്ദ്രശേഖറെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ പ്രതികരണം. സർക്കാർ മാനദണ്ഡങ്ങളും നിയമക്രമങ്ങളും പാലിച്ചാണ് രാവഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും കഴിഞ്ഞ ദിവസം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.