കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

09:38 AM Jul 04, 2025 | Renjini kannur

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.

മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം.

ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ.