ബംഗളൂരു: മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജുവാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ (26) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടിൽ നിന്ന് ബംഗളുരുവിലേക്ക് വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊളയിൽ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവ് മൈസുരു ജെ.എസ്.എസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.