കൊല്ലം: നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോർപറേഷൻറെ 'ഗുഡ്‌മോണിങ് കൊല്ലം' പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'ഗുഡ്‌മോണിങ് കൊല്ലം' എന്ന പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറിലാണ് പത്തു രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭിക്കുക. ഇഡ്ഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവും കറിയും ഉൾപ്പെടുന്നതായിരിക്കും ഭക്ഷണം. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തിൽ 300 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വിപുലീകരിക്കും. ആശ്രാമത്തെ 'സ്‌നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് പ്രഭാത ഭക്ഷണം തയ്യാറാക്കുക.
2015 മുതൽ വിദ്യാലയങ്ങളിൽ കുട്ടികളുടെ വിശപ്പകറ്റാൻ നടപ്പാക്കിവരുന്ന 'അമ്മമനസ്സ്' പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടർച്ചയാണ് ഈ പദ്ധതിയെന്ന് മേയർ ഹണി പറഞ്ഞു.