കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം, ഇസ്തിരിപ്പെട്ടി, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ.്എം.പി.എസ്., ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പി.സി.ബി. ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീന്‍,നഗരസഭഗംങ്ങളായ നാസര്‍ വെള്ളൂപറമ്പില്‍, അഡ്വ.മുഹമ്മദ് ഇലിയാസ്, അനസ് പാറയില്‍, സജീര്‍ ഇസ്മായില്‍, സുഹാന ജിയാസ്, ഹബീബ് കപ്പിത്താന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ അന്‍ഷാദിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് ക്ലാസും പരിശീലനവും നല്‍കി.