കോഴിക്കോട് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; പിടിയിലായ മൂന്ന് നാടോടി സ്ത്രീകൾ ഉജ്ജ്വല ഹോമിൽ നിന്ന് കടന്നു

04:29 PM Mar 14, 2025 | AJANYA THACHAN

കോഴിക്കോട്: കോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു.  കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരാണിവര്‍. രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്.  

കുട്ടികളുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. പന്ത്രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളോടൊപ്പമാണ് സ്ത്രീകള്‍ ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെട്ടത്. നേരത്തേ പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയിലാവുന്നത്. 

തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ പെഗ്ഗി സെന്ററില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ അഞ്ച് ദിവസം മാത്രമാണ് പാര്‍പ്പിക്കാനുള്ള അനുമതിയുള്ളത്. പിന്നീട് ഇവരെ ഉജ്ജ്വല ഹോമിലേക്ക് മാറ്റുകയായിരുന്നു. 

ഉജ്ജ്വല ഹോമില്‍ കഴിയുന്നതിനിടെ രണ്ടുദിവസം മുമ്പാണ് ഇവര്‍ കുട്ടികളുമായി കടന്നുകളയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഉജ്ജ്വല ഹോമിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.