പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങൾ നേടുന്നത് മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയൻ

07:24 PM Oct 22, 2025 | AVANI MV

കോഴിക്കോട് : പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങൾ നേടുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഫലപ്രദമായി അത് നടപ്പാക്കിയതിന് ഉദാഹരണമാണ് കോഴിക്കോട് കോർപറേഷൻ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ കല്ലുത്താൻകടവിൽ കോർപറേഷൻ നിർമിച്ച ന്യൂ പാളയം മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ വികസനം നടപ്പാക്കുന്നത് ആരെയും കുടിയൊഴിപ്പിച്ചുകൊണ്ടല്ല, മറിച്ച് ഏവരെയും പുരനധിവസിപ്പിച്ചുകൊണ്ടാണ് എന്ന സർക്കാർ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നതുകൂടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്നത്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്വാകാര്യ പങ്കാളിത്തത്തിലേക്ക് എത്തുന്നത്. ന്യു പാളയം മാർക്കറ്റിന്റെ കാര്യത്തിൽ സ്ഥലം കോർപറേഷൻ നൽകുകയും നിർമാണത്തിനാവശ്യമായ തുക സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കുകയുമാണുണ്ടായത്. ന്യായമായ രീതിയൽ പണം സമ്പാദിച്ചവർ പൊതുതാത്പര്യത്തിനായി ചെലവിടുന്നതും അതിലേക്കായി നിക്ഷേപിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, സമൂഹത്തിന്റെ നാനാ തുറയിലുള്ളവർക്കാണ് അതിന്റെ ഗുണം അനുഭവിക്കാനാകുന്നത്. മാർക്കറ്റിലെ തൊഴിലാളികൾ, കടയുടമകൾ, മാർക്കറ്റ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ, ചരക്കുവാഹനങ്ങൾ, അവിടെ എത്തുന്ന ജനങ്ങൾ ഇവരെല്ലാം ഗുണഭോക്താക്കളാണ്. കൈയ്യിലുള്ള പണം സമൂഹത്തിന്റെ നന്മയ്ക്കും നാടിന്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനുമായി വിനിയോഗിക്കുന്നത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാർക്കറ്റ് നിലകൊള്ളുന്ന സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങൾ ആരും കുടിയില്ലാത്തവരായി മാറിയിട്ടില്ല. വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി അവരെയെല്ലാം ഫ്‌ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാനായി എന്നത് തികച്ചും മാതൃകാപരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോർപറേഷൻ തീർത്ത മാതൃക മറ്റ് സ്ഥാപങ്ങൾക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂ പാളയം മാർക്കറ്റ് സമുച്ചയത്തിലെ മൾട്ടി ലെവൽ മാർക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 70,000 കോടി രൂപയുടെ വികസന പ്രവൃത്തികൾ സംസ്ഥാനത്ത് നടത്തിയതായി മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സർക്കാർ 0.5 ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കായി ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. 

ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് നഗരവികസനത്തിന്റെ ഭാഗമായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് നഗരത്തിൽ 12 പുതിയ ഡിസൈൻഡ് റോഡുകൾക്ക് സർക്കാർ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. മാർക്കറ്റിലെ ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പാലം നിർമിക്കാൻ പൊതുമരാമത്ത് എൻഒസി നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മാർക്കറ്റിലെ കടകളുടെ താക്കോൽദാന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ജീവൻ, അക്ബർ, ദീപു എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് താക്കോൾ ഏറ്റുവാങ്ങി. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ് ജയശ്രീ, പി സി രാജൻ, പി കെ നാസർ, പി ദിവാകരൻ, കൃഷ്ണകുമാരി, സി രേഖ, ഒ പി ഷിജിന, കൗൺസിലർമാരായ ഒ സദാശിവൻ, എൻ സി മോയിൻ കുട്ടി, എസ് എം തുഷാര, കൺസ്യൂമർ ഫെഡ് ചെയർ പേഴ്‌സൺ എം മെഹബൂബ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ, മുൻ മേയർമാരായ ടി പി ദാസൻ, ഒ രാജഗോപാൽ, എം എം പത്മവതി, കാഡ്‌കോ ചെയർമാൻ കെ സി മുജീബ് റഹ്മാൻ, എം ഡി അലി മാനൊടികയിൽ, വൈസ് ചെയർമാൻ ദീപക് ഇല്ലത്തുകണ്ടി, സെക്രട്ടറി കെ യു ബിനി, അഡി. സെക്രട്ടറി എൻ കെ ഹരീഷ്, മറ്റ് ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനി (കാഡ്‌കോ) ആണ്. 2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. ആറ് ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം - പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത - അരയിടത്തുപാലം ബൈപാസിൽ നിന്നു നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്‌സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകൾ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.