ഇനി ലക്ഷ്യം കേരളത്തെ ദാരിദ്ര്യ മുക്തമായി മാറ്റുക: മന്ത്രി മുഹമ്മദ് റിയാസ്

08:22 PM Nov 05, 2025 | AVANI MV

കോഴിക്കോട് : ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറിയത് അഭിമാനകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദാരിദ്ര്യ മുക്തമാക്കുകയെന്ന ലക്ഷ്യമാണ് ഇനി സർക്കാരിനു മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച വാതക ശ്മശാനം 'ശാന്തിസ്ഥല' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി മുതൽ ഓരോ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നടത്തിയ കഠിനശ്രമത്തിലൂടെയാണ് സർക്കാർ അതിദാരിദ്ര്യമുക്ത ലക്ഷ്യം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ സുരക്ഷയുടെ ഭാഗമായി വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. ക്ഷേമപെൻഷൻ 1600-ൽ നിന്നും 2000 രൂപയാക്കി. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനങ്ങൾ അനിവാര്യമാണ്. അതിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് മികച്ച മാതൃക സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാന്തിസ്ഥല ഓഫീസ് ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 

തലക്കുളത്തൂരിൽ മുക്കം കടവിന് സമീപം ചെങ്ങോട്ട് മലയിൽ ശാന്തിസ്ഥല എന്ന് പേരിട്ട ആധുനിക സൗകര്യങ്ങളോടെയുള്ള വാതക ശ്മശാനം രണ്ടുകോടിയിലധികം രൂപ ചെലവിട്ടാണ് യാഥാർഥ്യമാക്കിയത്. ചുമർ ചിത്രങ്ങൾ, പൂന്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് 28.5 ലക്ഷവും സംസ്ഥാന സർക്കാർ 50 ലക്ഷവും ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും നൽകി. കോഴിക്കോട് നഗരസഭ നഗരസഞ്ചയന ഫണ്ടിൽനിന്ന് പഞ്ചായത്തിന് ശ്മശാന നിർമാണത്തിന് 80 ലക്ഷം രൂപയും നൽകിയാണ്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഐ പി ഗീത, ടി എം രാമചന്ദ്രൻ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിൽ കോരാമ്പ്ര, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ഇ ടി രാഗേഷ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ രാജേഷ് ശങ്കർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.