മത്സ്യബന്ധന മേഖലയിലെ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിൽ കേരളം മാതൃക : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

08:26 PM Nov 05, 2025 | AVANI MV

കോഴിക്കോട് : കേന്ദ്ര സർക്കാറിന്റെ മത്സ്യബന്ധന മേഖലയിലെ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിൽ കേരളം മാതൃകയാണെന്ന് കേന്ദ്ര മത്സ്യബന്ധന, ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. കോഴിക്കോട് കോർപറേഷൻ ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫിഷറീസ് മേഖലക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി 1347.5 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മാർക്കറ്റാണിതെന്നും അന്താരാഷ്ട്ര തലത്തിൽ മറ്റു രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചടങ്ങിൽ മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ദുബൈ മത്സ്യ മാർക്കറ്റിനേക്കാൾ വലിയ മാർക്കറ്റ് കേരളത്തിൽ വരാൻ പോകുന്നതായി മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള 57 മാർക്കറ്റുകൾ കേരളത്തിൽ കിഫ്ബി വഴി സർക്കാർ നിർമിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമത്തിനൊപ്പം അടിസ്ഥാന വികസനം ഉറപ്പുവരുത്താനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.

എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ പി എ ഷെയ്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ് ജയശ്രീ, പി സി രാജൻ, ഒ പി ഷിജിന, പി ദിവാകരൻ, പി കെ നാസർ, സി രേഖ, കൗൺസിലർമാരായ എസ് കെ അബൂബക്കർ, സദാശിവൻ, സെക്രട്ടറി കെ യു ബിനി, മുൻ മേയർ എം ദാസൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ പി.എം.എസ്.എസ്.വൈയിൽ 55.17 കോടി രൂപ ചെലവിട്ടാണ് ന്യൂ സെൻട്രൽ മാർക്കറ്റ് നിർമിക്കുന്നത്. 10,543 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് നിലകളിലായി നിർമിക്കുന്ന മാർക്കറ്റ് കെട്ടിടത്തിൽ വിശാലമായ പാർക്കിങ് സൗകര്യം, ചില്ലറ വിൽപ്പന കടകൾ, മത്സ്യ ലേലത്തിലുള്ള സൗകര്യം, ഇറച്ചി കച്ചവട കേന്ദ്രങ്ങൾ, സ്റ്റോർ റൂമുകൾ, ശൗചാലയങ്ങൾ, ഡോർമെറ്ററി, ഫ്രോസൺ മാർക്കറ്റ്, ഓഫീസ് മുറി, ലബോറട്ടറി, ഫുഡ് സ്റ്റാൾ തുടങ്ങി നിരവധി സൗകര്യങ്ങളാണുണ്ടാവുക. ഖരമാലിന്യ സംസ്‌കരണത്തിനുള്ള നൂതന സംവിധാനങ്ങളായ സിവേജ് പ്ലാന്റ്, ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, റെയിൻ വാട്ടർ ഹാർവെസ്റ്റിങ് സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. 24 മാസമാണ് മാർക്കറ്റ് നിർമാണ കാലാവധി.