സാംസ്‌കാരിക മേഖലയിൽ ക്രിയേറ്റീവ് ഇകോണമി എന്ന ആശയം നടപ്പാക്കും : മന്ത്രി സജി ചെറിയാൻ

08:35 PM Nov 05, 2025 | AVANI MV

കോഴിക്കോട് : സാംസ്‌കാരിക മേഖലയിൽ ക്രിയേറ്റീവ് ഇകോണമി എന്ന ആശയം നടപ്പാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ സാഹിത്യ നഗര ദിനാഘോഷം ഉദ്ഘാടനവും സാഹിത്യ അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിഷൻ 2031ന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് മുന്നോട്ടുവെക്കുന്ന ക്രിയേറ്റീവ് ഇകോണമി എന്ന ആശയം നടപ്പാകുന്നതോടെ മികച്ച സാമൂഹിക ഘടന രൂപപ്പെടുത്താൻ സാധിക്കും. ഇതിന്റെ ഭാഗമായി മുഴുവൻ മേഖലകളെയും ഒരുമിപ്പിച്ച് ഒരു സാമ്പത്തിക മേഖല സൃഷ്ടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതുവഴി നിരവധി സംരംഭകർ ഉയർന്നുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സാഹിത്യത്തിന്റെയും കലയുടെയും ഉന്നമനമാണ് ഏറ്റവും പ്രധാന ലക്ഷ്യമായി സർക്കാർ കാണുന്നത്. വായനാശീലത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ സാഹിത്യകാരന്മാർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും മികച്ച അവസരങ്ങൾ ഒരുക്കാനും സാംസ്‌കാരിക സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനും നിരവധി പ്രവർത്തനങ്ങൾ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ആറ് വിഭാഗങ്ങളിലാണ് 2025ലെ യുനെസ്‌കോ സാഹിത്യ നഗരം അവാർഡുകൾ പ്രഖ്യാപിച്ചത്. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള അവാർഡ് സാറാ ജോസഫിനാണ്. 'ആത്രേയകം' രചയിതാവ് ആർ. രാജശ്രീ മികച്ച വനിതാ എഴുത്തുകാരിക്കുള്ള പുരസ്‌കാരത്തിനർഹയായി. മികച്ച ബാലസാഹിത്യത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥയും യുവ എഴുത്തുകാരനുള്ള അവാർഡിന് 'പെണ്ണപ്പൻ' കവിതയുടെ രചയിതാവ് ആദി എന്ന ഇ ആദർശും അർഹമായി. മറ്റു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൃതികളിൽ ജെ. ഗോപാലകൃഷ്ണന്റെ തുംഗഭദ്രയും മലയാളത്തിൽനിന്ന് ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്ത കൃതികളിൽ എ.ജെ തോമസിന്റെ ദി ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവർ ടോൾഡുമാണ് അവാർഡിനർഹമായത്.

കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, സ്ഥിരം സമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരൻ, ഡോ. എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാർ, മുൻ മേയർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.