+

സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം മികച്ച നിലവാരത്തിലാക്കൽ സർക്കാർ ലക്ഷ്യം :മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഹൈടെക് മാതൃകയിൽ മികച്ചതാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കോഴിക്കോട് :സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഹൈടെക് മാതൃകയിൽ മികച്ചതാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലിയം ജിഎൽപി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ലോകത്തിനുതന്നെ മാതൃകയാക്കുക, ക്ലാസ് മുറികളെല്ലാം സ്മാർട്ടാക്കുക എന്നീ ലക്ഷ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി സ്‌കൂളുകളും ക്ലാസ് മുറികളും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ബേപ്പൂർ മണ്ഡലത്തിൽ ആരംഭിച്ച ഫ്യൂച്ചർ വിദ്യാഭ്യാസ പദ്ധതി ഉദാഹരണമാണ്. സർക്കാർ സ്‌കൂളുകൾ മികച്ച നിലവാരം പുലർത്തുന്നതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി രൂപ ചെലവിട്ട് രണ്ടു നിലകളിലായാണ് സ്‌കൂളിന്റെ പുതിയ കെട്ടിടം പണിതത്. നാല് ക്ലാസ് മുറികൾ, ആറ് ശുചിമുറികൾ, മറ്റ് അത്യാധുനിക സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, ടി സുഷമ, ബ്ലോക്ക് മെമ്പർ ലുബൈന ബഷീർ, പ്രധാനാധ്യാപിക കെ എൻ ആശാ രേഖ, പി.ടി.എ പ്രസിഡന്റ് കെ എസ് എസ് സർഫുദ്ദീൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Trending :
facebook twitter