ബെംഗളുരുവിലെ യുവ ഡോക്ടര്‍ കൃതിക റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃതികയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവായ പ്രതി, കാമുകിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പൊലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ വാട്‌സാപ്പില്‍ നിന്ന് പൊലീസ് ഇത് കണ്ടെടുത്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രണയബന്ധം തുടരാനായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. വിവാഹമോചനം നടത്തിയാല്‍ സ്വത്തുക്കള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി മൊഴി നല്‍കി.
അനസ്തീഷ്യ നല്‍കി ബംഗളുരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. കുരുക്ക് മുറുക്കി വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തന്റെ പ്രണയ ബന്ധത്തിന് കൃതിക തടസ്സമാകുന്നു എന്ന് കണ്ടതോടെ ഒഴിവാക്കാന്‍ തീരുമാനിക്കുക ആയിരുന്നു എന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞു. വിവാഹ മോചനം ഭാര്യയുടെ പേരിലുള്ള കോടി കണക്കിന് സ്വത്തുക്കള്‍ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ടാക്കി. കൃതികക്ക് കാന്‍സര്‍ ആണെന്ന വിവരം മറച്ചുവച്ചാണ് ബന്ധുക്കള്‍ വിവാഹം നടത്തിയത്. ഇത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും ഡോക്ടര്‍ മഹേന്ദ്ര പൊലീസിനോട് പറഞ്ഞു.
ആരും സംശയിക്കില്ല എന്നതുകൊണ്ടാണ് അനസ്‌തേഷ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത് എന്നും മഹേന്ദ്ര വ്യക്തമാക്കി. പിടിക്കപ്പെടുമെന്ന് അറിയുമായിരുന്നെങ്കില്‍ കൃതികയെ കൊലപ്പെടുത്തില്ലായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൃതികയെ കൊലപ്പെടുത്തിയ വിവരം ഇയാള്‍ പെണ്‍സുഹൃത്തിനെ അറിയിച്ച വാട്‌സ്ആപ്പ് ചാറ്റ് വീണ്ടെടുത്തതോടെയാണ് ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.