
കൊച്ചി: സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നീതിരഹിതമായാണ് ബില്‍ ഈടാക്കുന്നതെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. അധിക ഉദ്പാദനം ഗ്രിഡിലേക്ക് കൊടുത്തിട്ടും വൈദ്യുതി ബില്‍ ഉയരുന്നെന്നും കെഎസ്ഇബിയാണ് ഇതില്‍നിന്നും ലാഭം ഉണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ ബില്ലുമായി താരതമ്യം ചെയ്താല്‍ കേരളത്തില്‍ വൈദ്യതി ചാര്‍ജ് കുറവാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയറായ ഉണ്ണികൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി.
ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പൊതു മേഖലയില്‍ ജനക്ഷേമകരമായി പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി യെ കൊള്ളസംഘം, കുറുവസംഘം എന്നും മറ്റും വിശേഷിപ്പിക്കുന്ന നിരവധി വീഡിയോകള്‍ നാം കണ്ടു.
പ്രധാനമായും hate KSEB ക്യാമ്പയിനിലൂടെ യു ട്യൂബ് വീഡിയോകള്‍ ഇറക്കിയ ചിലരും, കേരളത്തില്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ച ഒരു ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയുമാണ് ഈ രീതിയില്‍ കെ എസ് ഇ ബിയ്‌ക്കെതിരെ വ്യാജ പ്രചരണം അഴിച്ചു വിട്ടത്.
കേരളത്തില്‍ നിലവിലുള്ള നെറ്റ് മീറ്ററിംഗ് സംവിധാനത്തിലൂടെ എങ്ങനെയാണ് ഒരു സോളാര്‍ പ്രൊസ്യൂമറിനെ ബില്‍ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
നെറ്റ് മീറ്ററിംഗ് പ്രകാരം ബില്ല് ചെയ്യുമ്പോള്‍ ഉപഭോക്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്ത വൈദ്യുതി ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്ന് യൂണിറ്റില്‍ തന്നെ തട്ടിക്കിഴിയ്ക്കാനാവും. ഇങ്ങനെ തട്ടിക്കിഴിച്ച ശേഷവും വൈദ്യുതി ബാക്കിയുണ്ടെങ്കില്‍ അത് ബാങ്ക് ചെയ്യാനും തുടര്‍ന്ന് സാമ്പത്തിക വര്‍ഷാവസാനം ഇങ്ങനെ ബാങ്ക് ചെയ്ത് ഉപയോഗിക്കാത്ത യൂണിറ്റിന് ആവറേജ് പൂള്‍ഡ് പവര്‍ പര്‍ച്ചേസ് കോസ്റ്റ് പ്രകാരമുള്ള തുക കെ.എസ്.ഇ. ബിയില്‍ നിന്ന് ലഭിക്കുകയും ചെയ്യും.
ഇനി നമുക്ക് ഒഡീഷയിലെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ബില്‍ ചെയ്യുന്ന രീതി പരിശോധിക്കാം.
ഒഡീഷയിലെ വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കരിക്കപ്പെട്ടു.
ടാറ്റ പവര്‍ നാല് വൈദ്യുതി വിതരണ കമ്പനികള്‍ (ഡിസ്‌കോം) കൈകാര്യം ചെയ്യുന്നു
1. ടിപി സെന്‍ട്രല്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (TPCODL),
2. ടിപി സതേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (TPSODL),
3. ടിപി വെസ്റ്റേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (TPWODL),
4. ടിപി നോര്‍ത്തേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (TPNODL).
ഒഡീഷയിലെ നെറ്റ് മീറ്ററിംഗ് സിസ്റ്റം
സോളാര്‍ പിവി പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി, സെറ്റില്‍മെന്റ് കാലയളവിന്റെ അവസാനത്തില്‍ യോഗ്യനായ ഉപഭോക്താവിന് വൈദ്യുതി ഉപഭോഗത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
അതായത്, ഓരോ സെറ്റില്‍മെന്റ് കാലയളവിലും, സൗരോര്‍ജ്ജ സംവിധാനത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം ഊര്‍ജ്ജം ഉപഭോക്താവിന്റെ വൈദ്യുതി ഉപയോഗത്തിന്റെ 90% വരെ ഓഫ്‌സെറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.
90% ക്യാപ്പിംഗ്:
ഉപഭോഗത്തിന്റെ 90%-ല്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക ഊര്‍ജ്ജം സൗജന്യ ഊര്‍ജ്ജമായി കണക്കാക്കപ്പെടുന്നു, അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.
സാമ്പത്തിക വര്‍ഷത്തോടെ സെറ്റില്‍മെന്റ് കാലയളവ് അവസാനിക്കും, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 90% ല്‍ കൂടുതലുള്ള ഏതെങ്കിലും അധിക വരുമാനം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൊണ്ടുപോകാന്‍ യോഗ്യമല്ല.
അതായത്, 1000 യൂണിറ്റ് വൈദ്യുതി ഒരു വര്‍ഷം ഉപയോഗിക്കുന്ന ഒരാള്‍ക്ക്, താന്‍ 1500 യൂണിറ്റ് സൗരോര്‍ജ്ജ വൈദ്യുതി സ്വന്തം ഉപയോഗത്തിന് ശേഷം ഗ്രിഡിലേക്ക് നല്‍കിയാലും, 900 യൂണിറ്റ് വരെ മാത്രമേ തന്റെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം തട്ടി കിഴിക്കാന്‍ പറ്റൂ. 100 യൂണിറ്റിന് നിലവിലെ താരിഫില്‍ ബില്‍ ചെയ്യും. മാത്രമല്ല, ബാക്കി വരുന്ന (1500 - 900 = 600) 600 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് സൗജന്യമായി നല്‍കിയതായി കണക്കാക്കും. കേരളത്തില്‍ ആയിരുന്നെങ്കില്‍, 1000 യൂണിറ്റും തട്ടികിഴിക്കും എന്ന് മാത്രമല്ല, ഗ്രിഡിലേക്ക് അധികമായി നല്‍കിയ 600 യൂണിറ്റിന് ഏകദേശം 1900 രൂപ ഉപഭോക്താവിന് ലഭിക്കുമായിരുന്നു.
ഒഡീഷ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 23.02.2023 ല്‍ സ്വമേധയാ (suo moto) പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍ ഇതിനോടൊപ്പം കൊടുത്തിട്ടുണ്ട്.
വിതരണ മേഖലയില്‍ ടാറ്റ ആയതുകൊണ്ടാണോ അവിടത്തെ റെഗുലേറ്ററി കമ്മീഷന്റെ ഈ കരുതല്‍ എന്ന് എനിക്കറിയില്ല.