ചിറ്റാർ: യാത്രക്കാരുമായി പത്തനംതിട്ട-ഗവി-കുമളി കെ.എസ്ആർ.ടിസി ബസ് വനത്തിൽ കുടുങ്ങി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വ്യാഴാഴ്ച രാവിലെ ആറരയോടെ മൂഴിയാർ വഴി കുമളിക്ക് യാത്രതിരിച്ച RAC 497 നമ്പർ ബസാണ് അരണമുടിക്ക് സമീപം വീൽ തകരാറിലായി നിന്നത്.
ബസിലുണ്ടായിരുന്ന 38 യാത്രികരിൽ അധികവും ആങ്ങമൂഴി, മൂഴിയാർ, കൊച്ചുപമ്പ, വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ ഉള്ളവരായിരുന്നു. ഇവർ മൂന്നര മണിക്കൂറോളം വനത്തിൽ അകപ്പെട്ടു. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പകരം അയച്ച ബസ് ഒന്നരയോടെ അരണമുടിയിൽ എത്തി യാത്രക്കാരുമായി കുമളിയിലേക്ക് തിരിച്ചു.
പകരമെത്തിയ ബസിൽ മെക്കാനിക് വിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.കഴിഞ്ഞ 17ന് കൊല്ലം ചടയമംഗലത്തുനിന്ന് വനോദ സഞ്ചാരികളുമായി എത്തിയ കെ.എസ്.ആർ.ടി.സി ബസ് അരണമുടിക്ക് സമീപം തകരാറിലായിരുന്നു.