പയ്യന്നൂര്‍: ചെറുപുഴ വഴി ബെംഗളൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസ് ചൊവ്വാഴ്ച (28.10.2025) എ.സി. സെമി സ്ലീപ്പർ ബസ്സായി സർവ്വീസ് ആരംഭിച്ചു.ഈ പുതിയ സർവ്വീസ് ടി.ഐ. മധുസൂദനൻ എം.എല്‍.എ. പയ്യന്നൂരില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന സ്വിഫ്റ്റ് നോണ്‍ എ.സി. ഡീലക്‌സ് ബസ്സിനു പകരമായാണ് കെ.എസ്.ആർ.ടി.സി.യുടെ മലാബാർ വിഭാഗം പുതിയ എ.സി. സെമി സ്ലീപ്പർ സർവ്വീസ് രംഗത്തിറക്കുന്നത്.
പുതിയ സർവ്വീസിൻ്റെ സമയക്രമം
വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന ബസ്, ചെറുപുഴയില്‍ ഏഴ് മണിക്കും, ആലക്കോട് 7.30 നും, ഇരിട്ടിയില്‍ 8.30 നും എത്തും. പിറ്റേന്ന് പുലർച്ചെ 03.36 ഓടെ ബെംഗളൂരു ശാന്തിനഗറില്‍ ബസ് എത്തിച്ചേരും.
തിരിച്ചുള്ള യാത്രയില്‍, ബെംഗളൂരു ശാന്തിനഗറില്‍ നിന്ന് രാത്രി 08.21 ന് പുറപ്പെടുന്ന സെമി സ്ലീപ്പർ ബസ് രാത്രി ഒൻപത് മണിക്ക് സാറ്റലൈറ്റിലും, 11.20 ന് മൈസൂരും എത്തും.
പുലർച്ചെ 02.40 ന് ഇരിട്ടിയിലും 03.40 ന് ആലക്കോട്ടും 04.10 ന് ചെറുപുഴയിലും എത്തിയ ശേഷം, 04.55 ന് ബസ് പയ്യന്നൂരില്‍ യാത്ര അവസാനിപ്പിക്കും. ഈ എ.സി. സെമി സ്ലീപ്പർ സർവ്വീസിലേക്കുള്ള ടിക്കറ്റുകള്‍ യാത്രക്കാർക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ബുക്കിംഗിനായി https://onlineksrtcswift(dot)com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്