+

ഇരുപത്തിയേഴാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം, ദാവൂദെന്ന വികൃതജീവി, ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ അജണ്ട ഒളിച്ചുകടത്തുന്നു, രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍

തനിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ മീഡിയാ വണ്ണിനും സി ദാവൂദിനും എതിരെ രൂക്ഷമായ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ.

കോഴിക്കോട്: തനിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ മീഡിയാ വണ്ണിനും സി ദാവൂദിനും എതിരെ രൂക്ഷമായ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. ഇരുപത്തിയേഴാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം എന്ന് തലക്കെട്ട് നല്‍കിയ കുറിപ്പില്‍ ദാവൂദിനെ കൂടാതെ അജിംസിനും ജലീലിന്റെ വിമര്‍ശനമുണ്ട്.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇരുപത്തിയേഴാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം ഞാനുമിങ്ങെടുത്തു!


സി ദാവൂതെന്ന 'വികൃത' ജീവിയെ ശൂറാ മെമ്പറാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ അധമത്വത്തെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഇവന്റെ വ്യക്തിഹത്യക്ക് കേരളത്തില്‍ ഏറ്റവുമധികം ഇരയായിട്ടുണ്ടാവുക സി.പി.ഐ (എം) നേതാക്കളാകും. 'ഔട്ട് ഓഫ് ഫോക്കസ്' എന്ന മീഡിയ വണ്‍ പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാന്‍ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അതിന്റെ ഓരോ എപ്പിസോഡ് പരിശോധിച്ചാലും ബോദ്ധ്യമാകും. അവര്‍ക്ക് വിശുദ്ധനാകണമെങ്കില്‍ പിണറായി വിജയനെ നാല് ചീത്ത വിളിക്കണം. സി.പി.എമ്മിനെ തള്ളിപ്പറയണം. മുമ്പ് കള്ളനെന്നും കൊള്ളക്കാരനെന്നും മുദ്രകുത്തിയ പലരെയും അവര്‍ വിശുദ്ധരാക്കിയത് സമീപ കാലത്ത് നാം കണ്ടതാണ്. ഒരൊറ്റ കാര്യമേ അവര്‍ ചെയ്തുള്ളൂ. പിണറായി വിജയനെ നാല് ചീത്ത വിളിച്ചു.

ഇന്നന്തേ 'സഹോദരമതസ്ഥരെ' ആരെയും കിട്ടിയില്ലെ അടുപ്പിന്റെ മൂലക്കല്ലാകാന്‍. മൂന്ന് കല്ലിനും ഒരു നിറമായത് മീഡിയാ വണ്‍  തന്ത്രത്തിന്റെ ലംഘനമാണല്ലോ? ഇന്ന് ഇരുപത്തിയേഴാം രാവായത് കൊണ്ടാകും  സാധാരണ കാണാറുള്ളവരെ കാണാതിരുന്നത്! ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നത് ദാവൂദിലൂടെയാണ്. ലോകത്ത് തന്നെക്കാള്‍ വലിയ അറിവാളനില്ലാ എന്ന മട്ടില്‍ 'വികൃതന്‍'' നടത്തുന്ന യാതൊരു കഴമ്പുമില്ലാത്ത തീര്‍ത്തും വര്‍ഗ്ഗീയവും വംശീയവുമായ നിരീക്ഷണങ്ങള്‍ നാല് മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം. നാട്ടുകാര്‍ അതിന് പുല്ലുവിലയേ കല്‍പ്പിക്കൂ.

ഇത്രയും പറയാതെ ഇന്ന് കിടന്നുറങ്ങിയാല്‍ നാളെ രാവിലെ പടച്ചോന്‍ ചോദിക്കും ഈ 'വികൃതന്' മറുപടി കൊടുക്കാതെ ഉറങ്ങിയതെന്തേ എന്ന്! മറ്റുള്ളവരെ അപഹസിച്ചു പറയാന്‍ ഈ ഇരുപത്തിയേഴാം രാവ് ദാവൂതെന്ന ജമാഅത്ത് ശൂറാ അംഗത്തിനും അജിംസ് എന്ന എരപ്പനും തടസ്സമായിട്ടില്ലെങ്കില്‍ എനിക്കു മാത്രം എന്തിന് തടസ്സമാകണം? ഇവരൊക്കെ ഇസ്ലാം പഠിപ്പിക്കുന്നേടത്തോളവും മതത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങള്‍ ആകുന്നേടത്തോളവും കാലം യുവതലമുറ വഴിപിഴച്ചു പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. മീഡിയാ വണ്‍കാര്‍ പറയുന്ന രാസമതത്തെക്കാള്‍ നല്ലത് രാസലഹരിയുടെ മായാലോകമാണെന്ന് ചെറുപ്പക്കാര്‍ കരുതിയാല്‍ അവരെ മാത്രം എങ്ങിനെ കുറ്റം പറയും?

 

facebook twitter