മുസ്ലീം ലീഗ് 2006 മറക്കേണ്ട, അഹങ്കാരം അതിരുവിട്ടാല്‍ മര്‍ദ്ദിതര്‍ മനമുരുകി പ്രാര്‍ത്ഥിക്കും, ഉസ്താദ് അസ്ഗറലി ഫൈസിക്ക് പിന്തുണയുമായി കെടി ജലീല്‍

09:24 AM Apr 08, 2025 | Raj C

കോഴിക്കോട്: ഉസ്താദ് അസ്ഗറലി ഫൈസിയെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. പാണ്ഡിത്യം കൊണ്ടും ലാളിത്യം കൊണ്ടും കേരളീയ സുന്നീ സംഘശക്തിയില്‍ വേറിട്ടു നില്‍ക്കുന്ന ജ്ഞാനിയാണ് ഉസ്താദ് അസ്ഗര്‍ അലി ഫൈസി. ധിക്കാരികളായ സ്ഥാപന മേധാവികളുടെ മുന്നില്‍ മുട്ടിലിഴഞ്ഞില്ലെന്ന 'തെറ്റേ' അദ്ദേഹം ചെയ്തിട്ടുള്ളൂവെന്ന് ജലീല്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ അസ്ഗറലി ഫൈസി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ജാമിഅഃ നൂരിയ്യയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ അധ്യാപന വൃത്തിയില്‍ നിന്നും പുറത്താക്കാന്‍ ഈ അടുത്ത് ചേര്‍ന്ന ജാമിഅഃ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എള്ളിട തെറ്റിയാല്‍ വില്ലിട തെറ്റും!

പാണ്ഡിത്യം കൊണ്ടും ലാളിത്യം കൊണ്ടും കേരളീയ സുന്നീ സംഘശക്തിയില്‍ വേറിട്ടു നില്‍ക്കുന്ന ജ്ഞാനിയാണ് ഉസ്താദ് അസ്ഗര്‍ അലി ഫൈസി. ധിക്കാരികളായ സ്ഥാപന മേധാവികളുടെ മുന്നില്‍ മുട്ടിലിഴഞ്ഞില്ലെന്ന 'തെറ്റേ' അദ്ദേഹം ചെയ്തിട്ടുള്ളൂ.

2006 ലീഗ് മറക്കണ്ട. അഹങ്കാരം അതിരുവിട്ടാല്‍ മര്‍ദ്ദിതര്‍ മനമുരുകി പ്രാര്‍ത്ഥിക്കും. അതാണ് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജില്‍ നിന്ന് അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെതിരെ ഇന്ന് പെരിന്തല്‍മണ്ണയില്‍ കണ്ടത്. കുറ്റം ചെയ്യാതെ അപമാനിതരായി ഹൃദയമുരുകി കണ്ണീരോടെ, പടച്ച തമ്പുരാനെ വിളിച്ചു തേടുന്നവനും ലോകരക്ഷിതാവിനും ഇടയില്‍ മറയില്ലെന്ന പ്രവാചക വചനം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.

വൈകി ഉദിക്കുന്ന ബുദ്ധിയും, ട്രൈന്‍, സ്റ്റേഷന്‍ വിട്ട ശേഷം യാത്രാ ടിക്കറ്റെടുക്കുന്ന യാത്രക്കാരനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അമളി പറ്റി വാ പൊളിച്ച്, മുന്നോട്ടു കുതിക്കുന്ന തീവണ്ടിയെ നോക്കി നെടുവീര്‍പ്പിട്ട് ഊരക്ക് കയ്യും കൊടുത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന അന്തവും കുന്തവുമില്ലാത്ത യാത്രക്കാരനെപ്പോലെ, ലീഗ് നേതൃത്വം ആകാതെ നോക്കിയാല്‍ അവര്‍ക്കു നന്നു.