+

സാത്താന്റെ മുഖവും പിശാചിന്റെ മനസുമുള്ളവനാണ് ബാബു ബജ്രംഗി, ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ നരാധമന്‍, സംഘപരിവാറിനെ ചെറുക്കുന്ന ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കെടി ജലീല്‍

എമ്പുരാന്‍ സിനിമയിലെ വില്ലനായ ബാബു ബജ്രംഗി ഗുജറാത്തില്‍ മുസ്ലീം നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ നരാധമനാണെന്ന് കെടി ജലീല്‍ എംഎല്‍എ.

കൊച്ചി: എമ്പുരാന്‍ സിനിമയിലെ വില്ലനായ ബാബു ബജ്രംഗി ഗുജറാത്തില്‍ മുസ്ലീം നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ നരാധമനാണെന്ന് കെടി ജലീല്‍ എംഎല്‍എ. ഇയാളുമായി തെഹല്‍ക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ വീഡിയോ ഇപ്പോഴും ലഭ്യമാണ്. സംഘപരിവാറിനെ കേരളത്തില്‍ ചെറുക്കുന്ന ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നും ജലീല്‍ വ്യക്തമാക്കി.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ചുവപ്പിന് മൂന്നാമൂഴം

ഓരോ അഞ്ച് വര്‍ഷവും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനമെന്ന അപഖ്യാതി കേരളത്തിന് മാറിക്കിട്ടിയത് വലിയൊരനുഗ്രഹമായി. അത് വികസന രംഗത്തുണ്ടാക്കിയ കുതിച്ചു ചാട്ടം എല്ലാ വിവരണങ്ങള്‍ക്കും അപ്പുറമാണ്. പരിമിതമായ അഞ്ചുവര്‍ഷ അജണ്ടകളാണ് കേരളത്തെ പല രംഗത്തും പിറകോട്ടടിപ്പിച്ചത്. ആര്‍ക്കും ധൈര്യപ്പെട്ട് ഒന്നിനും മുതിരാന്‍ കഴിയാത്ത സാഹചര്യം ഒരുതരം 'പഞ്ചവര്‍ഷ കാഴ്ചപ്പാട്' ഭരണകര്‍ത്താക്കള്‍ക്കിടയിലും നിക്ഷേപകര്‍ക്കിടയിലും ഉണ്ടാക്കി. നേഷണല്‍ ഹൈവെ വൈകിയതിന്റെ കാരണവും, ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിന്റെ അടിസ്ഥാനവും, ഇടമണ്‍ കൊച്ചി പവര്‍ ഹൈവെ നടപ്പാകാന്‍ താമസിച്ചതും, മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകാന്‍ കേരളത്തിന് കഴിയാതെ പോയതും, വിഴിഞ്ഞം തുറമുഖം അനന്തമായി വൈകിയതുമെല്ലാം ഇച്ഛാശക്തിയുള്ള ഒരു ഭരണകര്‍ത്താവിന്റെ തുടര്‍ഭരണത്തിന്റെ അഭാവമാണ്. മാറി മാറി വോട്ട് ചെയ്ത് സര്‍ക്കാരുകളെ പരീക്ഷിക്കലാണ് ഭരണമികവിന് നല്ലതെന്ന തെറ്റിദ്ധാരണക്ക് കേരളീയ വോട്ടര്‍മാര്‍ അന്ത്യം കുറിച്ചതാണ് മലയാളക്കരയെ അപ്പാടെ മാറ്റിമറിച്ച് നമ്മുടെ സ്വപ്ന പദ്ധതികളെ പൂര്‍ത്തീകരണ പാതയിലേക്ക് നയിച്ചത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്ന് കേരളം എത്തിയേടത്ത് എത്താന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കുകയോ അതല്ലെങ്കില്‍ വികസനത്തിന്റെ കിനാക്കളുടെ മേല്‍ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടി വരുമായിരുന്നു. ഒരു മൂന്നാമൂഴം ചുവപ്പിന് കിട്ടിയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് കേരളം വികസിക്കും. വിഴിഞ്ഞം തുറമുഖം അതിന്റെ സമ്പൂര്‍ണ്ണത കൈവരിക്കാന്‍, കെ റെയില്‍ സാക്ഷാത്കരിക്കാന്‍, മോഹവില നല്‍കി മറ്റു ദേശീയ പാതകള്‍ക്കും സ്ഥലമേറ്റെടുത്ത് ഹൈവേ അതോറിറ്റിക്ക് കൈമാറാന്‍, വ്യാവസായിക വളര്‍ച്ചയുടെ സൂചിക മുന്നോട്ടു ചലിപ്പിക്കാന്‍, വൃത്തിയുടെ കാര്യത്തില്‍ കേരള സംസ്ഥാനത്തെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഒപ്പമെത്തിക്കാന്‍, ഭാരതത്തിലെ ഏറ്റവും സുരക്ഷിതമായ വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ വളര്‍ത്താന്‍, ചുവപ്പിന്റെ മൂന്നാമൂഴത്തിനേ കളമൊരുക്കാനാകൂ. സന്ദേഹം വേണ്ട.

തീരദേശ ഹൈവെയും മലയോര ഹൈവെയും ഏതാണ്ടായിക്കഴിഞ്ഞു. ദേശീയ ജലപാതയുടെ ഭാഗമായി കേരളത്തില്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രചാരം നേടുകയാണ്. ജലപാത കടന്നു പോകുന്ന ഇടങ്ങളിലെ പാലങ്ങള്‍ക്കും റെഗുലേറ്ററുള്‍ക്കുമെല്ലാം ആവശ്യമായ ബോട്ട് ചാനലുകളുടെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. പൊന്നാനിയില്‍ പൂര്‍ത്തിയായി. കൂട്ടായി റെഗുലേറ്ററില്‍ 45 കോടി ചെലവിട്ട് പണി ആരംഭിച്ചു. സീപ്ലെയ്‌നും, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കടല്‍ ഗതാഗതവും, ചരക്കു നീക്കവും വൈകാതെ ലക്ഷ്യം കാണും. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതും, അവയെ മലയാളി പ്രവാസലോകവുമായി കൂട്ടിയിണക്കുന്നതുമായ കേരള എയര്‍ലൈന്‍സും നടപ്പാകാന്‍ ചുവപ്പിന്റെ രാഷ്ട്രീയത്തിന് മൂന്നാമൂഴം കിട്ടിയേ മതിയാകൂ. സംസ്ഥാനത്തെ മല്‍സ്യബന്ധന തുറമുഖങ്ങളും വാണിജ്യ തുറമുഖങ്ങളും പുരോഗതിയുടെ വഴിയിലാണ്. ആ കുതിപ്പിന് വേഗം പകരാന്‍ ഇടതിന്റെ മൂന്നാം തുടര്‍ഭരണത്തിന് കഴിയുമെന്നുറപ്പ്. 2031 ആകുമ്പോഴേക്ക് തിരിച്ചറിയറിയാനാകാത്ത വിധം കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിനും മൂന്നാം ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിനും സാധിക്കും. തീര്‍ച്ച.

രാസലഹരി മാഫിയ കണ്ണുവെച്ച കേരളത്തെ, അവര്‍ക്ക് വിട്ടുകൊടുക്കാതെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള 'യുദ്ധ'ത്തിന്റെ കമാന്റെര്‍ ഇന്‍ ചീഫായി, പിണറായി വിജയന്‍ കച്ച മുറുക്കി അടര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മരണഭീതി പടര്‍ത്തി തിമര്‍ത്താടിയ കോവിഡ് മഹാമാരിയേയും, നാടിനെ ഞെട്ടിച്ച് പെയ്തിറങ്ങിയ മഹാപ്രളയത്തെയും സധൈര്യം നേരിട്ട് തോല്‍പ്പിച്ച ചങ്കുറപ്പോടെ, രാസലഹരിയുടെ വൈതാളികരെ കെട്ടുകെട്ടിക്കാനും പിണറായിയുടെ നേതൃത്വത്തില്‍ നമുക്ക് കഴിയും. രാസലഹരിക്കടിപ്പെട്ട്, നഷ്ടപ്പെടുന്ന മക്കളെ ഓര്‍ത്ത് ഇനി ഒരമ്മക്കും നെഞ്ചത്തടിച്ച് വിലപിക്കേണ്ടി വരില്ല. മാതാപിതാക്കളുടെ കണ്ണുനീരിന് എന്നന്നേക്കുമായി വിരാമമിടാന്‍ പിണറായി  നയിക്കുന്ന സേനക്ക് സാധിക്കും. മക്കളെ ഭയപ്പെട്ട് വീട്ടില്‍ കഴിയേണ്ട ദുര്യോഗത്തിന് അതോടെ അന്ത്യമാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച മലയാളികളുടെ മാതൃഭൂമിയെ, വ്യാവസായിക വളര്‍ച്ചയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍മ്മപഥത്തിലുണ്ട്. ലോകോത്തര സര്‍വകലാശാലകളും ഒപ്പം ദേശീയ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളും നോട്ടമിടുന്ന ദേശങ്ങളുടെ പട്ടികയില്‍ കൊച്ചു കേരളം ഇടം നേടുകയാണ്.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളും, ഗവ: ആശുപത്രികളും, കാര്‍ഷിക മേഖലയും, പൊതുവിതരണ സമ്പ്രദായവും, അസൂയാവഹമായ അഭിവൃദ്ധിയാണ് സ്വന്തമാക്കിയത്. ഇത് ആരെയും അല്‍ഭുതപ്പെടുത്തും. പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറികളോ, തകര്‍ന്ന് വീഴാറായ മേല്‍ക്കൂരകളോ, വൃത്തിഹീനമായ സ്‌കൂള്‍ ചുറ്റുപാടുകളോ, പഴകി ദ്രവിച്ച ഫര്‍ണിച്ചറുകളോ, എവിടെയും കാണാനാവില്ല. ഉച്ചക്ക് ശേഷവും സജീവമാകുന്ന സര്‍ക്കാര്‍ ഫാമിലി ഹെല്‍ത്ത് സെന്റെറുകള്‍ ഓരോ പഞ്ചായത്തിലും വന്നില്ലെ? ഉച്ചയോടെ പ്രൈമറി ഹെല്‍ത്ത് സെന്റെറുകള്‍ ഗെയ്റ്റുകള്‍ അടച്ച് ഡോക്ടര്‍മാര്‍ സ്ഥലം വിടുന്ന കാലം അവസാനിപ്പിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. കിഡ്‌നി ട്രാന്‍സ്പ്ലാന്‍ഡേഷനും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ജില്ലാ ജനറല്‍ ആശുപത്രികളിലടക്കം നടക്കുന്ന സ്ഥിതി സംജാതമായത് അതിശയോക്തിയല്ല. വസ്തുതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ 'സാമ്പത്തിക ഉപരോധ'ത്തെ മറികടന്ന് വികസനപ്പെരുമഴ പെയ്യിക്കാനും, 64 ലക്ഷത്തിലധികം ആളുകള്‍ക്ക്, 1600 രൂപ വെച്ച് ക്ഷേമ പെന്‍ഷന്‍ നല്‍കാനും പിന്നിട്ട ആറേഴു വര്‍ഷമായി സാധിച്ചത്, പിണറായിയുടെ ഉള്‍കരുത്തിന്റെ പിന്‍ബലത്തിലാണെന്ന വസ്തുത മറക്കരുത്!

പൊതുവിദ്യാലയങ്ങളിലെ 25 ലക്ഷത്തോളം കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങളും, യൂണിഫോമും, ഉച്ചഭക്ഷണവും, ഇന്ത്യയില്‍ മറ്റേതൊക്കെ സംസ്ഥാനങ്ങളിലാണ് കിട്ടുന്നതെന്ന് ഒന്നന്വേഷിക്കുന്നത് നന്നാകും. ഏതാണ്ടെല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ കേരളത്തിലല്ലാതെ മറ്റെവിടെയൊക്കെയാണ് ഉള്ളത്? പ്ലസ് ടു സീറ്റ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായത് ചെറിയ കാര്യമാണോ? അസാപ്പിന്റെ കീഴില്‍ തൊഴില്‍ നൈപുണ്യ പരിശീലനം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് ലഭ്യമാക്കാനുള്ള യത്‌നത്തിലാണ് സര്‍ക്കാരിപ്പോള്‍. നൂറുകണക്കിന് പ്രൊഫഷണലുകളെയാണ് നോര്‍ക്ക മുഖേനയും ഒഡാപ്പെക്ക് മുഖേനയും വിദേശ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തൊഴിലിനയച്ചത്. ലോക മലയാളികള്‍ക്കായി 'ലോകകേരള സഭ'ക്ക് രൂപം നല്‍കിയ പിണറായി, ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് മലയാള ലോകത്തിന്റെ പുതിയ ഭൂപടം തന്നെ വരച്ചു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഒരു വര്‍ഗ്ഗീയ കലാപം പോലും മുളപൊട്ടാതെ നോക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍, എല്ലാ വര്‍ഗ്ഗീയതകള്‍ക്കെതിരെയും വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. വലതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ എല്ലാ ജാതി-മതി ഞാഞ്ഞൂളുകളും തലപൊക്കും. പിണറായിക്കാലത്ത് അവയെല്ലാം മാളത്തില്‍ ഒളിച്ചതല്ലേ അനുഭവം. മാറാട് കലാപവും, പൂന്തുറ കലാപവും, ചാല കലാപവും, പാലക്കാട്ടെ വെടിവെപ്പും, സിറാജുന്നിസയുടെ മരണവും, തലശ്ശേരി കലാപവും, എല്ലാം അരങ്ങേറിയത് യു.ഡി.എഫ് ഭരണത്തിലാണ്. ഇടതുപക്ഷം സംസ്ഥാനം ഭരിച്ച കാലയളവില്‍ ഏതെങ്കിലും ഒരു വര്‍ഗ്ഗീയ കലാപം എവിടെയെങ്കിലും നടന്നതായി ചൂണ്ടിക്കാണിക്കാനാവുമോ? എല്ലാ വര്‍ഗീയതകളും നാടിന് ആപത്താണെന്ന് നിസ്സംശയം വിളിച്ചു പറയാന്‍ പിണറായിക്ക് സാധിച്ചു. വലതുപക്ഷ നേതാക്കള്‍ക്ക് അത്തരമൊരു ധീരമായ സമീപനം കൈകൊള്ളാന്‍ എന്തേ സാദ്ധ്യമാകാതെ പോയത്?

വ്യാവസായിക രംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന് ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് അംഗീകാരം ലഭിച്ചത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്താണ്. വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പിണറായി സര്‍ക്കാര്‍ വന്‍ മുന്നേറ്റമല്ലേ നടത്തിയത്? ഓട്ടോമേഷന്‍ രംഗത്തെ പ്രധാനികളായ ജര്‍മ്മന്‍ കമ്പനി 'ഡി സ്‌പേസ്' പ്രവര്‍ത്തനം തുടങ്ങിയതും, മേരിറ്റൈം മേഖലയിലെ ലോകോത്തര കമ്പനിയായ 'കോങ്ങ്‌സ്ബര്‍ഗ്' ഓഫീസ് തുറന്നതും, 300 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്തെ ആദ്യത്തെ ക്രൈന്‍ യൂണിറ്റ്, 'ലീവേജ് ഗ്രൂപ്പ്' തൃശൂരില്‍ ആരംഭിച്ചതും ആര്‍ക്കാണ് വിസ്മരിക്കാനാവുക? ഒരു വര്‍ഷത്തിനുള്ളില്‍ 2000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമാറ് 'ഐ.ബി.എം' വളര്‍ന്ന് പന്തലിച്ചതും, ലോകത്തിലെ മുന്‍നിര വാഹന സോഫ്റ്റ് വെയര്‍ കമ്പനിയായ 'ആക്‌സിയ ടെക്‌നോളജീസ്' തിരുവനന്തപുരത്തെ അവരുടെ ആസ്ഥാനമായി തെരഞ്ഞെടുത്തതും പിണറായി മുഖ്യമന്ത്രിയായ കേരളത്തിലാണ്.

തലചായ്ക്കാന്‍ ഒരിടം എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. മുന്‍ സര്‍ക്കാരുകള്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ ഭവന നിര്‍മ്മാണത്തിന് ഒന്നര ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. അത് വളരെ അപര്യാപ്തമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പിണറായി സര്‍ക്കാര്‍ 'ലൈഫ് മിഷന്‍' പദ്ധതിക്ക് രൂപം നല്‍കി. ഭവന ധനസഹായം 4 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും വീടൊന്നിന് ഇത്രയും തുക നല്‍കുന്നില്ല. 2016 മുതല്‍ 2024 വരെ ഇടതുപക്ഷ ഭരണത്തിന്റെ എട്ടുവര്‍ഷ   കാലയളവില്‍ 4,10,000 (നാലു ലക്ഷത്തി പതിനായിരം) കുടുംബങ്ങള്‍ക്കാണ് വീടുനല്‍കി അവരെ സുരക്ഷിതമാക്കിയത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സ്‌കീമാണ് 'ലൈഫ് മിഷന്‍'. ഈ വര്‍ഷം അവസാനിക്കുന്നതോടെ അഞ്ചുലക്ഷം വാസഗേഹങ്ങള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുന്നതോടെ അതൊരു ലോക റെക്കോര്‍ഡാകും. യു.ഡി.എഫ് ഭരിക്കുമ്പോള്‍ 600 രൂപ വെച്ച് 34 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നതെങ്കില്‍, ഇന്നത് 1600 രൂപയാക്കി 60 ലക്ഷത്തിലധികം പേര്‍ക്കാണ് വിതരണം ചെയ്യുന്നത്. ലോകത്ത് മറ്റൊരു നാട്ടിലും സമാനമായ രൂപത്തില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതായി അറിവില്ല. ഒരു വര്‍ഷം ഈ ഇനത്തില്‍ മാത്രം സര്‍ക്കാറരിന് 1200 കോടിയാണ് ആവശ്യമായിട്ടുള്ളത്. വൃദ്ധരായ മാതാപിതാക്കള്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാസം കിട്ടുന്ന 1600 രൂപ നല്‍കുന്ന ആത്മവിശ്വാസം പകരുന്ന കരുത്ത് വിവരണാതീതമാണ്.

പാവപ്പെട്ട രോഗികള്‍ക്ക് ചികില്‍സാ സഹായമായി എട്ടു വര്‍ഷം കൊണ്ട് പിണറായി ഗവ: നല്‍കിയത് 8400 കോടിയാണ്. കൊട്ടിഘോഷങ്ങളോ, മനുഷ്യനെ രാവിലെ മുതല്‍ വൈകുന്നേരം വരെ ചുറ്റിക്കെട്ടി നിര്‍ത്തി അഭിമാനക്ഷതമേല്‍പ്പിച്ച് 'ഔദാര്യം' നല്‍കും പോലെ കയ്യില്‍ വെച്ചു കൊടുത്തതല്ല ഈ സഹായം. ഓണ്‍ലൈന്‍ വഴിയും എം.എല്‍.എമാര്‍ മുഖേനയും അപേക്ഷ  നല്‍കിയ അര്‍ഹര്‍ക്കാണ് ഇരുചെവിയറിയാതെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ചികിത്സാ സഹായത്തുക ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തത്. ഒരു സംസ്ഥാന സര്‍ക്കാരും ഇത്രയും ഭീമമായ സംഖ്യ ചികില്‍സാ സഹായമായി അനുവദിച്ചത്  ചൂണ്ടിക്കാണിക്കാനാവില്ല. പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഗവണ്‍മെന്റ് വിനിയോഗിച്ചത് 14,000 കോടിയോളം രൂപയാണ്. എന്‍.എസ്.ഒ-യുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് അനുഭവപ്പെട്ട സംസ്ഥാനം കേരളമാണ്. രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള സംസ്ഥാനമാണ് കേരളം. അതേസമയം ഓരോ വര്‍ഷവും പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ മുഖേന മുപ്പതിനായിരം പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലയളവില്‍ സാധിച്ചു. അങ്ങിനെ എട്ടു വര്‍ഷം കൊണ്ട്, ആകെമൊത്തം 2,27,800 പേര്‍ക്കാണ് സര്‍ക്കാര്‍ ജോലി ലഭിച്ചത്. 140 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ മുഖേന 2024-ല്‍ 51,498 നിയമനങ്ങളാണ് നടന്നത്. ഇതില്‍ 34,410 നിയനങ്ങളും നടത്തിയത് കേരള പി.എസ്.സിയാണ്. 24 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 2024-ല്‍ വെറും 4120 പേരെയാണ് പി.എസ്.സി വഴി സര്‍ക്കാര്‍ ജോലികളില്‍ നിയമിച്ചത്. ഇതൊക്കെ ഏതൊരാള്‍ക്കും ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ പോയി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

എസ്.സി, എസ്.ടി വിഭാഗങ്ങളും ഹൈന്ദവ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളും, മുസ്ലിങ്ങളും, ക്രൈസ്തവരും, മറ്റു ന്യൂനപക്ഷങ്ങളും ഏറ്റവും വലിയ സൗഖ്യത്തിലും ക്ഷേമത്തിലും മനസ്സമാധാനത്തിലും ജീവിക്കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് അവകാശപ്പെട്ടതാണ്. ഏത് ജനവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നമായി മികച്ച ജീവിത നിലവാരവും സാമൂഹ്യ അവസ്ഥയും കേരളത്തിലുണ്ട്. അതില്‍ വിഷം കലര്‍ത്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നത് മറക്കുന്നില്ല. അത് നാം ജാഗ്രതയോടെ നേരിടണം. അസഹിഷ്ണുതയുടെ രാഷ്ട്രീയം, ഏത് മതവുമായി ബന്ധപ്പെട്ടതാകട്ടെ, ഒരിക്കല്‍ മനസ്സിനുള്ളിലേക്ക് കയറാന്‍ അനുവദിച്ചാല്‍ പിന്നീട് അതിനെ പടിയിറക്കാന്‍ നന്നേ ക്ലേശിക്കേണ്ടിവരും. വര്‍ഗീയ മത്ത് തലക്ക് പിടിച്ചാല്‍ അതിറങ്ങാന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വരും. ചിലപ്പോള്‍ ആജീവനാന്തം ആ വിപല്‍ക്കരമായ ചുഴിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ കാലയവനികക്കുള്ളില്‍ മറയുകയും ചെയ്യുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.
''ഞാന്‍ സ്വയം 10-12 പേരെ കൊന്നു... ഞങ്ങള്‍ മുസ്ലിംകളെ ഒന്നടങ്കം തീര്‍ത്തു. ഒരു ഗര്‍ഭിണിയുടെ വയര്‍ കീറി ഗര്‍ഭപിണ്ഡം പുറത്തെടുത്തു. അതെന്തൊരു 'ആനന്ദ'മായിരുന്നെന്നോ? നരോദ്യ പാട്യ  പട്ടണത്തില്‍, നൂറിലധികം പേരെയാണ് ഞങ്ങള്‍ വധിച്ചത്. കുടുംബങ്ങളെ ജീവനോടെയാണ് ഞാന്‍ തീ വെച്ച് കത്തിച്ചത്. പോലീസ് ഞങ്ങളെ സഹായിച്ചു... മോദി (അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി) ഇവിടെ ഉണ്ടായിരുന്നെങ്കില്‍, ഞങ്ങളെ അദ്ദേഹം പുകഴ്ത്തുമായിരുന്നു.

ഞങ്ങള്‍ക്ക് ഒരു 'ഫ്രീ ഹാന്‍ഡ്' ലഭിച്ചു. ആരും ഞങ്ങളെ തടഞ്ഞില്ല. എന്റെ പ്രവൃത്തിയില്‍ ഒരിക്കലും ഞാന്‍ പശ്ചാത്തപിക്കുന്നില്ല... മുസ്ലിങ്ങള്‍ മൃഗങ്ങളാണ്, അവരെ കൊല്ലണം! അതൊരു ഹരമാണ്. എല്ലാറ്റിനേയും കൊന്നൊടുക്കിയ ശേഷം രാത്രി സുഖമായി ഞാന്‍ ഉറങ്ങി. എന്നെ തൂക്കാന്‍ വിധിച്ചാലും എനിക്ക് കുഴപ്പമില്ല. എന്നെ കൊല്ലുന്നതിന് മുമ്പ് രണ്ടു ദിവസം പുറത്തിറങ്ങാന്‍ അവസരം കിട്ടിയാല്‍ 50000 മുസ്ലിംകളെയെങ്കിലും ഞാന്‍ കൊല്ലും' (തെഹല്‍ക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ലിങ്ക് :https://youtu.be/mfnTl_Fwvbo?si=v_4Lpxfq8yGIaU4_)

2007-ല്‍ ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി പറഞ്ഞ വാക്കുകളുടെ ആകെത്തുകയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ നികൃഷ്ടനാണ് വിവാദമായ 'എമ്പുരാന്‍' സിനിമയിലെ വില്ലന്‍ കഥാപാത്രം! തെഹല്‍ക്ക രഹസ്യക്യാമറ വെച്ച് അദ്ദേഹവുമായി നടത്തിയ അഭിമുഖം മുഴുവനായും യു ട്യൂബില്‍ ലഭ്യമാണ്. അതേ പേരില്‍ തന്നെയാണ് ആത്മാവ് വെട്ടിമാറ്റാത്ത 'എമ്പുരാനി'ല്‍ വില്ലന്‍ കടന്നു വരുന്നത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ നരാധമന്‍മാരില്‍ സാത്താന്റെ മുഖവും പിശാചിന്റെ മനസ്സുമുള്ളവന്‍! തെഹല്‍ക്ക സീനിയര്‍ കറസ്‌പോണ്ടന്റ് ആയിരുന്ന ആശിഷ് ഖേതന്‍, സ്വന്തം ഷര്‍ട്ടിന്റെ ബട്ടന്‍ ഹോളില്‍ ഘടിപ്പിച്ച ഒളിക്കാമറയിലാണ് ബാബു ബജ്‌റംഗിയുടെ വാക്കുകളും രൂപവും ഒപ്പിയെടുത്തത്. വിഭജന ശേഷം രാജ്യം കണ്ട പൈശാചികവും അതിക്രൂരവുമായ കൂട്ടക്കൊലയായി അടയാളപ്പെടുത്തപ്പെട്ട ഗുജറാത്ത് വംശഹത്യയില്‍ താനും സംഘവും ചെയ്ത 'ധീരകൃത്യ'ങ്ങളാണ് ബാബു ബജ്‌റംഗി, തെഹല്‍ക്ക കറസ്‌പോണ്ടിനോട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശദീകരിച്ചത്. നരോദ്യപാട്യയിലാണ് 92 പേര്‍ കൊല്ലപ്പെട്ട ഹിംസാ താണ്ഡവം ബജ്‌റംഗിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.


2002 ഫെബ്രവരി 27-ന് ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 59 പേര്‍ വെന്തുമരിച്ചിരുന്നു. അതുചെയ്തത് മുസ്ലിങ്ങളാണെന്ന് ആരോപിച്ചാണ് ഗുജറാത്തിലെ വംശഹത്യക്ക് തീ കൊളുത്തിയത്. തീവണ്ടിക്കുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറഞ്ഞത്. തീവണ്ടിയിലാകട്ടെ കര്‍സേവകരല്ലാത്ത ആരും ഉണ്ടായിരുന്നില്ല. ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്  മുഴുവനായും വെളിച്ചം കണ്ടിട്ടില്ല. ഗോധ്ര റെയില്‍വേ സ്റ്റേഷനടുത്ത് താമസിക്കുന്ന പാവപ്പെട്ട മുസ്ലിങ്ങള്‍ പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരാണ്. അവര്‍ ഒരു ഘട്ടത്തിലും ഒരുതരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലും കശപിശകളിലും ഏര്‍പ്പെട്ടതായി എവിടെയും ഇല്ല. റെയില്‍വേ സ്റ്റേഷനില്‍ ചായയും പലഹാരങ്ങളും വിറ്റ് ഉപജീവനം നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍. അവരൊരിക്കലും ഇത്തരത്തിലുള്ള ഹീന കൃത്യത്തിന് മുതിരില്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയത്. ഇന്ദ്രപ്രസ്ഥം  ബി.ജെ.പിയുടെ കൈകളില്‍ അനന്തമായി അമരാന്‍ ആത്യന്തികമായി വഴിവെച്ച ഗുജറാത്ത് കലാപം, ബോധപൂര്‍വ്വം ഉണ്ടാക്കാന്‍, മെനഞ്ഞെടുത്ത 'കാരണ'മായിരുന്നു ഗോധ്ര തീവണ്ടി ദുരന്തമെന്നാണ് അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളും ഇന്ത്യയിലെ നിഷ്പക്ഷ പത്രപ്രവര്‍ത്തകരും നിരീക്ഷിച്ചത്.


തുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ രണ്ടായിരത്തോളം ആളുകളാണ് വധിക്കപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി. കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയോ തീനാളങ്ങള്‍ നക്കിത്തുടക്കുകയോ ചെയ്തു. ഗുജറാത്ത് പോലീസ്, അക്രമം തടയാന്‍ ഒന്നും ചെയ്തില്ല. പോലീസ് പൂര്‍ണ്ണ പരാജയമായിരുന്നെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.'നിരാലംബരായ സ്ത്രീകളും കുട്ടികളും കത്തിയെരിയുമ്പോള്‍ ആധുനിക നീറോ ചക്രവര്‍ത്തി മറ്റെവിടെയോ നോക്കിയിരിപ്പായിരുന്നു' : ജസ്റ്റിസ് ദൊരെസ്വാമി രാജു, ജസ്റ്റിസ് അരിജിത് പസായത്ത് എന്നിവരടങ്ങുന്ന ബെഞ്ച് തുറന്നടിച്ചു. സുപ്രീംകോടതിയുടെ വിമര്‍ശനത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അഭിമുഖത്തില്‍ ചോദിച്ചു. കോടതി ഉത്തരവില്‍ തനിക്കെതിരെ പരാമര്‍ശം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുജറാത്ത് വംശഹത്യയെ കുറിച്ച് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ഒരു ഗ്ലാസ്സ് വെള്ളം വാങ്ങിക്കുടിച്ച് അഭിമുഖം നിര്‍ത്തി ഇറങ്ങിപ്പോവുകയാണ് മോദി ചെയ്തത്.


മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. നൂറുകണക്കിന് മനുഷ്യര്‍ക്കാണ് മണിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഒരു സമൂഹം മുഴുവന്‍ വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അവരുടെ ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും കൃഷിയിടങ്ങളും അഗ്‌നിക്കിരയാക്കി. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ നിഷ്‌കരുണം തകര്‍ത്തു. പുരോഹിതരെ വെട്ടിവീഴ്ത്തി. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകള്‍ ക്രൈസ്തവ, ക്രൈസ്തവേതര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. അവര്‍ പരസ്പരം അടുക്കാനുള്ള സാദ്ധ്യതകള്‍ കഴിയുന്നിടത്തോളം വിദൂരമാക്കി. ത്രിപുരയിലാകട്ടെ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികളുടെ അതിക്രമങ്ങള്‍ക്കും കൊലക്കത്തിക്കും ഇരയായത് കമ്മ്യൂണിസ്റ്റുകാരാണ്. പ്രത്യയശാസ്ത്ര ശത്രുക്കളെ മുഴുവന്‍ വിപാടനം ചെയ്യുക എന്ന സംഘ്പരിവാര്‍ ശൈലിയുടെ പ്രയോഗവല്‍ക്കരണമാണ് എങ്ങും എവിടെയും കൊടുമ്പിരി കൊണ്ടത്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ അഭിപ്രായപ്പെട്ട ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത ഭാരതമാണ് തീവ്രഹിന്ദുത്വ ശക്തികളുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യയില്‍ നടന്നുവരുന്ന വര്‍ഗ്ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വംശഹത്യകളും. എല്ലാ ഫാസിസ്റ്റ്-അര്‍ധ ഫാസിസ്റ്റ് മനോഭാവങ്ങള്‍ക്കും എതിരെ ബദല്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി. അതിന് ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനെന്ന വര്‍ഗ്ഗീയവാദികളുടെ പേടിസ്വപ്നവും.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളും അധസ്ഥിതരും വേട്ടയാടപ്പെടുമ്പോള്‍ കേരളം മാത്രം എങ്ങനെ ശാന്തമായി? കര്‍ണ്ണാടകയില്‍ ഉള്‍പ്പടെ മുസ്ലിം ആരാധനാലയങ്ങളുടെ മേല്‍ സംഘ്പരിവാരങ്ങള്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ അതൊന്നും വിലപ്പോകാത്തത് പിണറായി സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടുകള്‍ കൊണ്ടുകൂടിയാണ്. അരനൂറ്റാണ്ട് രാജ്യം ഭരിച്ച് സാധാരണ മരണം പൂകിയ ഔറംഗസേബിന്റെ ശവകുടീരമുള്‍പ്പടെ തകര്‍ക്കാന്‍ 'സംഘ് കുടുംബം' ഒളിയും മറയുമില്ലാതെ രംഗപ്രവേശം ചെയ്തപ്പോള്‍, കേരളത്തില്‍ ഒന്ന് വിരലനക്കാന്‍ പോലും ഹിന്ദുത്വ ശക്തികള്‍ക്ക് ധൈര്യം വരാത്തതിന്റെ കാരണം ഇവിടുത്തെ സംഘിക്കൂട്ടങ്ങള്‍ മര്യാദ രാമന്‍മാരായതല്ല. സുശക്തമായ ഒരു കമ്മ്യൂണിസ്റ്റ് ഭരണവും അതിനെ ചുമലിലേറ്റുന്ന നട്ടെല്ലുള്ള ഒരു മതനിരപേക്ഷ സമൂഹവും കേരളത്തില്‍ സുഭദ്രമാണെന്ന തിരിച്ചറിവാണ്.


കൊടും ചൂടില്‍ പോലും ഒരു ദിവസം പവര്‍കട്ട് ഏര്‍പ്പെടുത്താത്ത സര്‍ക്കാരിനെ എങ്ങിനെ അഭിനന്ദിച്ചാലാണ് മതിയാവുക? തരിശു നിലങ്ങളില്‍ മുഴവന്‍ കൃഷിയിറക്കിച്ച് പച്ചപ്പ് സൃഷ്ടിക്കാന്‍ ''ഹരിത കേരളം' പദ്ധതി ആരംഭിച്ച പിണറായി ഗവണ്‍മെന്റ്, സമാധാനപൂര്‍ണ്ണമായ ജീവിതവും മലയാള മണ്ണില്‍ ഉറപ്പാക്കി. മതമൈത്രിയുടെ ഈറ്റില്ലമായ കേരളത്തെ ഒരു കാരണവശാലും ആര്‍.എസ്.എസിന് തീറെഴുതിക്കൊടുത്തുകൂട. എല്ലാ വര്‍ഗ്ഗീയ ശക്തികളെയും മാറിമാറി താലോലിക്കുന്ന യു.ഡി.എഫിനും ഈ സംസ്ഥാനം അടിയറ വെച്ചുകൂട. റവന്യൂ ഭരണത്തില്‍ നിന്നുള്‍പ്പടെ സര്‍വ്വ ഭരണ കേന്ദ്രങ്ങളില്‍ നിന്നും അഴിമതിയുടെ പ്രേതത്തെ കെട്ടുകെട്ടിച്ച്, എല്ലാ പ്രതിസന്ധികളില്‍ നിന്നും കേരളത്തെ സംരക്ഷിച്ച്, വികസനത്തിന്റെ പുത്തന്‍ ഭൂമികയിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കേരളത്തെ വഴിനടത്തുന്ന ചുവപ്പന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് മലയാളികള്‍ ഒരു മൂന്നാമൂഴം നല്‍കുക?

facebook twitter