കുംഭകോണത്ത് കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു

12:30 PM Feb 04, 2025 | Neha Nair

ചെന്നൈ: തഞ്ചാവൂർ കുംഭകോണത്ത് ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി. ചവറ്റുകുട്ടയിൽ കണ്ട പെൺകുഞ്ഞിനെ കുംഭകോണം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് അമിത രക്തസ്രാവം മൂലം വിദ്യാർഥിനി ക്ലാസ് മുറിയിൽ ബോധരഹിതയായി. ഉടൻ ആംബുലൻസിൽ ഗവ. ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാർഥിനിയെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ കുഞ്ഞിന് ജന്മം നൽകിയ കാര്യം വെളിപ്പെടുത്തി. ഇക്കാര്യം ഉടൻ പൊലീസിനെ അറിയിച്ചു. കോളജ് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.

തിരുവാരൂർ ജില്ലയിലെ ബന്ധുവായ 27കാരനായ യുവാവുമായി പ്രണയത്തിലായിരുന്നതായി വിദ്യാർഥിനി വെളിപ്പെടുത്തി. വിദേശത്തുള്ള യുവാവുമായി പൊലീസ് സംസാരിച്ചപ്പോൾ, വിവാഹം കഴിക്കാനായി ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചു.
 

Trending :