+

കുവൈത്ത് വിഷമദ്യ ദുരന്തം: സ്ത്രീകളടക്കം 67 പേര്‍ പിടിയില്‍, 10 മദ്യ നിര്‍മാണകേന്ദ്രങ്ങള്‍ കണ്ടെത്തി

കഴിഞ്ഞ ആഴ്ച മുതല്‍ മെത്തനോള്‍ കലര്‍ന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമായത്.

23 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തില്‍, കടുത്ത നടപടിയുമായി കുവൈത്ത്. സ്ത്രീകളടക്കം 67 പേരാണ് പിടിയിലായിരിക്കുന്നത്. 10 മദ്യ നിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തി. പിടിയിലായവരില്‍ മദ്യം നിര്‍മ്മിക്കുന്നവരും വിതരണക്കാരും ഉള്‍പ്പെടുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ് നടപിടിക്ക് നേതൃത്വം നല്‍കിയത്. സമീപകാലത്തെ ഏറ്റവും വലിയ നടപടിയാണിത്. മറ്റു കേസുകളില്‍ നോട്ടപ്പുള്ളികള്‍ ആയിരുന്ന 34 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായവരില്‍ 3 നേപ്പാളി പൗരന്മാരും ഉണ്ട്.


വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യന്‍ പ്രവാസികള്‍ മരിക്കുകയും 160-ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ മെത്തനോള്‍ കലര്‍ന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമായത്. 23 പ്രവാസികള്‍ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. 61 പേര്‍ വെന്റിലേറ്ററിലും 160 പേര്‍ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏഷ്യന്‍ പ്രവാസികളാണ് മരണപ്പെട്ടത്.

facebook twitter