ന്യൂഡൽഹി : ഇ-ഗവേണൻസ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ഡിജിറ്റൽ നോ-യുവർ-കസ്റ്റമർ (കെ.വൈ.സി) മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി. എല്ലാവർക്കും പ്രാപ്യമായ സമഗ്ര ഡിജിറ്റൽ വ്യവസ്ഥ കൊണ്ടുവരാൻ സർക്കാറിന് ബാധ്യതയുണ്ട്. ക്ഷേമ പദ്ധതികളും സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകുന്നതിനാൽ സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭരണകാര്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വലിയതോതിൽ ഉപയോഗിക്കുന്ന കാലഘട്ടമാണ്. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം ഭരണഘടന അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തോട് ചേർത്ത് പുനർവ്യാഖ്യാനിക്കണം.
കാഴ്ച പരിമിതർക്കും ആസിഡ് ആക്രമണ ഇരകൾക്കും ഇ-കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ബാങ്ക് അക്കൗണ്ട് തുറക്കാനും സർക്കാർ പദ്ധതികൾ ലഭ്യമാക്കാനും തടസ്സം നേരിടുകയാണ്. അതുകൊണ്ടുതന്നെ, ഡിജിറ്റൽ കെ.വൈ.സി മാനദണ്ഡങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. ആസിഡ് ആക്രമണത്തിനിരയായവർക്കും കാഴ്ച പരിമിതർക്കും 2016ലെ വികലാംഗ അവകാശ നിയമപ്രകാരം സംരക്ഷണം ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിച്ച കോടതി, ഈ വിഭാഗങ്ങൾക്ക് ഇ-കെ.വൈ.സി പ്രക്രിയ എളുപ്പമാക്കുന്നതിനായി 20 നിർദേശങ്ങളും പുറപ്പെടുവിച്ചു.
വിദൂരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലും മോശം കണക്ടിവിറ്റിക്ക് പുറമെ പരിമിതമായ ഡിജിറ്റൽ സാക്ഷരതയും പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കത്തിന്റെ അഭാവവും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ തടസ്സമാവുന്നുവെന്ന് കോടതി നിരീക്ഷിച്ചു.ഭിന്നശേഷിക്കാർക്ക് പുറമെ, ഗ്രാമീണർ, മുതിർന്ന പൗരന്മാർ, സാമ്പത്തികമായി ദുർബലരായ സമൂഹങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങൾ എന്നിവർ ഇത്തരത്തിൽ വെല്ലുവിളി നേരിടുന്നു.
ഭരണഘടന അനുച്ഛേദം 21, അനുച്ഛേദം 14, 15, 38 എന്നിവ പ്രകാരം സർക്കാർ പോർട്ടലുകളും, പഠന പ്ലാറ്റ്ഫോമുകളും, സാമ്പത്തിക-സാങ്കേതിക സേവനങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉപയോഗിക്കാനാവുന്ന രീതിയിലായിരിക്കണമെന്നും കോടതി നിർദേശിച്ചു. കാഴ്ച പരിമിതരുടെയും ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെയും ഇ-കെ.വൈ.സിയുമായി ബന്ധപ്പെട്ട് രണ്ട് റിട്ട് ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രജ്ഞ പ്രസൂൺ, അമർ ജെയിൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.