ബംഗളൂരു: എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സി.ഇ.ഒ ഭവിഷ് അഗർവാൾ അടക്കം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. സെപ്റ്റംബർ 28നാണ് ഇലക്ട്രിക്കൽ എൻജിനീയറായ കെ. അരവിന്ദ് (38 ) ആത്മഹത്യ ചെയ്തത്.
പിന്നീട് വീട്ടിൽനിന്ന് 28 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. ജോലിസ്ഥലത്തുവെച്ച് തന്നെ നിരന്തരം മാനസിക പീഡനത്തിനിരയാക്കുകയും ശമ്പളമടക്കം തടഞ്ഞുവെക്കുകയും ചെയ്തതായി കത്തിൽ പറഞ്ഞിരുന്നു. അരവിന്ദിന്റെ സഹോദരൻ അശ്വിൻ ആണ് പൊലീസിൽ പരാതി നൽകിയത്. അതേസമയം, ആരോപണം കമ്പനി നിഷേധിച്ചു. ജോലി ചെയ്തിരുന്ന സമയത്ത് അരവിന്ദ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.