നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

06:18 AM Mar 09, 2025 | Suchithra Sivadas

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ അദ്ദേഹം കൈക്കൂലി വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യയുടെ ആവശ്യപ്രകാരമാണ് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രാദേശിക ചാനല്‍ പ്രതിനിധിയുടെ മൊഴിയാണ് ദിവ്യക്ക് കുരുക്കായത്. കൃത്യമായ ആസൂത്രണത്തോടെ ചടങ്ങില്‍ പങ്കെടുത്ത ദിവ്യ താന്‍ മറ്റൊരിടത്തേക്ക് പോകും വഴി വിവരമറിഞ്ഞ് എത്തിയതാണ് എന്നായിരുന്നു പ്രതികരിച്ചത്.

ഒക്ടോബര്‍ 11നായിരുന്നു നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ 14നാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. അന്ന് പല തവണ പി പി ദിവ്യ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രിയിലെ ഫോണ്‍ സംഭാഷണത്തില്‍ കളക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്കുവെയ്ക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ താന്‍ വിലക്കിയിരുന്നുവെന്നും എന്നാല്‍ ദിവ്യ ചടങ്ങിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.