അടിമാലി മണ്ണിടിച്ചില്‍ അപകടം ; സന്ധ്യയുടെ കാലിന് ഗുരുതര പരുക്ക്; രക്ത ഓട്ടം നിലച്ച അവസ്ഥയില്‍

08:27 AM Oct 26, 2025 |


ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട സന്ധ്യയ്ക്ക് ഗുരുതര പരുക്ക്. കാലിനാണ് ഗുരുതരമായി പരുക്കേറ്റത്. വീടിനടിയില്‍ കുടുങ്ങിയ സന്ധ്യയെ ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുറത്തെത്തിച്ചത്.

അടിമാലിയ താലൂക്ക് ആശുപത്രിയില്‍ സന്ധ്യയെ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചു. കാലില്‍ രക്തഓട്ടം നിലച്ച അവസ്ഥയിലാണെന്ന് സന്ധ്യയുടെ സഹോദരന്‍ പറഞ്ഞു.
കാലിന് മാത്രമാണ് പരുക്ക് പറ്റിയത്. സന്ധ്യയോട് സംസാരിച്ചിരുന്നു. കുഴപ്പമില്ലെന്ന് മാത്രമായിരുന്നു പ്രതികരിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. സന്ധ്യയുടെ ഇടത്തെ കാലില്‍ പള്‍സ് കിട്ടുന്നില്ലെന്ന് ഡോ.പ്രദീപ് പറഞ്ഞു.


ഒരുപക്ഷേ രക്തക്കുഴലിന് പൊട്ടല്‍ സംഭവിച്ചേക്കാം. അതാകണം പള്‍സ് കിട്ടാതിരിക്കാനുള്ള കാരണം. രക്തക്കുഴലിന് പൊട്ടല്‍ സംഭവിച്ചുകഴിഞ്ഞാല്‍ ഏഴ് മണിക്കൂറിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥ അറിയാനായി സിടി എടുക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ബിപി കുറഞ്ഞും ഹാര്‍ട്ട് റേറ്റ് കൂടിയ നിലയിലാണെന്നും ഡോക്ടര്‍ പറഞ്ഞു. അരയ്ക്ക് മുകളിലേക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനിയില്‍ മനസിലായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെടുത്തത്. ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടുപോവുകയായിരുന്നു. ഇരുവരുടെയും കാലുകള്‍ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവര്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകര്‍ന്നു വീണത്. ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.