+

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചൽ : സുരക്ഷയാണ് പ്രധാനം, തൽക്കാല സൗകര്യം നോക്കി എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ തന്നെ ഉത്തരവാദികളാകും : മന്ത്രി കെ. രാജൻ

താമരശേരി ചുരത്തിൽ കാലാവസ്ഥ അനുകൂലമായാൽ വിദഗ്ധ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. രാജൻ.

കോഴിക്കോട്: താമരശേരി ചുരത്തിൽ കാലാവസ്ഥ അനുകൂലമായാൽ വിദഗ്ധ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. രാജൻ. അതേസമയം, സുരക്ഷയാണ് പ്രധാനം. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നത് അനുസരിക്കാതെ താൽക്കാലിക സൗകര്യം നോക്കി തീരുമാനമെടുത്താൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ നമ്മൾ തന്നെ ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്കുകളായാണ് പാറകൾ വിണ്ടിരിക്കുന്നത്. ഇതിൽനിന്ന് ഉത്ഭവിച്ച വെള്ളച്ചാൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അഗ്നിരക്ഷാസേന, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് എന്നീ വിഭാഗങ്ങൾ കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ മാറി നിന്നത് കൊണ്ട് ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിച്ചത്.

ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലാണ് മണ്ണിടിച്ചിലിന് കാരണം. ഗതാഗത സൗകര്യം ഒരുക്കാൻ എല്ലാ ഉപകരണങ്ങളും അവിടെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ എത്തി എല്ലാനീക്കങ്ങളും വിലയിരുത്തുകയും നേതൃത്വം നൽകുകയും ചെയ്യും. കാലാവസ്ഥ അനുകൂലമായാൽ ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടും.

സോയിൽ പൈപ്പിങ് പ്രതിഭാസം കാരണം വാഹനങ്ങൾ പോകുമ്പാൾ റോഡ് തന്നെ തകർന്ന് വീഴുന്ന അനുഭവം ഉണ്ട്. കാസർകോ​ടും പുത്തൂരിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. ഓണവും മറ്റും അടുത്തെത്തിയിരിക്കെ എളുപ്പം നോക്കി വാഹനങ്ങൾ കടത്തിവിട്ടാൽ അപകട സാധ്യത കൂടി മുന്നിൽകാണണം. എത്രയും വേഗം പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുവരെ ബദൽപാതകൾ ഉ​പയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കുറ്റ്യാടി ചുരം റോഡിൽ അറ്റകുറ്റപ്പണി ഉണ്ടെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ നിർദേശിച്ചു. വെള്ളിയാഴ്ച മുതൽ നാല് മണിക്കൂർ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ കുറഞ്ഞാൽ, പാറകളിലുണ്ടായ വിള്ളൽ റോഡിനടിയിലേക്കും ആഴത്തിലുമുണ്ടോ എന്നു പരിശോധിക്കാനാകും. അതുവരെ ഭാരവാഹനം കടത്തിവിടാൻ കഴിയാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

facebook twitter