താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; വീണ്ടും ഗതാഗതം നിരോധിച്ചു

10:21 AM Aug 28, 2025 |


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും കല്ലുകള്‍ റോഡില്‍ പതിച്ചതിനാലാണ് ഗതാഗതം നിരോധിച്ചത് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീര്‍ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങള്‍ തടയും. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പോലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി തിരിഞ്ഞുപോകണം.

ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് നേരത്തേ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂ എന്നായിരുന്നു കളക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയും മണ്ണിടിച്ചിലുണ്ടായതോടെ ചുരം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍, വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.