
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നു. താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. വയനാട് അതിർത്തിയായ ലക്കിടിയിൽ താമരശ്ശേരി ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പരിശോധന നടത്തി സർക്കാർ വകുപ്പുകൾ. ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകൾ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.
ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് ഇത്തരത്തിൽ പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയിരിക്കുന്നത്. മേഖലയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം സൂചന നൽകി. നിലവിൽ ചുരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സർവീസുകളായ ആംബുലൻസ് മാത്രമാണ് ഇതുവഴി കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.
അതേ സമയം വലിയ മണ്ണിടിച്ചിൽ സാധ്യത ഇല്ലാതാക്കാൻ വിധഗ്ദ സമിതി പ്രദേശം സന്ദർശിക്കുമെന്ന് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി മണ്ണിടിച്ചിൽ ഉണ്ടായാൽ തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇക്കാര്യം വിധഗ്ദ സമിതി എത്തി പഠിക്കും. റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് ഫയർ ഫോഴ്‌സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേന, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങൾക്കൊടുവിലാണ് റോഡ് അവശ്യഘട്ടങ്ങളിൽ ഗതാഗതത്തിന് സാധ്യമാക്കിയിരിക്കുന്നത്.
എന്നാൽ പതിവ് പോലെ ഭാരവാഹനങ്ങളും യാത്ര ബസുകളും ഇതുവഴി കടത്തിവിടേണ്ടതില്ലെന്ന തീരുമാനമാണ് കോഴിക്കോട്-വയനാട് ജില്ല ഭരണകൂടങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. താമരശ്ശേരി ചുരം പാത താൽക്കാലികമായി അടഞ്ഞതോടെ കുറ്റ്യാടി ചുരം വഴിയാണ് ലോറികളും യാത്രാവാഹനങ്ങളും പോകുന്നത്. ഇത് ഇവിടെ രൂക്ഷമായ ഗതാഗതകുരുക്കിന് കാരണമാക്കുന്നുണ്ട്. നിലമ്പൂരിലേക്ക് എത്തുന്ന നാടുകാണിയിൽ തിരക്ക് വർധിച്ചതായാണ് വിവരങ്ങൾ. വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.