മഹാകുംഭയിൽ മാലവിറ്റ് സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ മലയാള സിനിമയിൽ നായികയായി എത്തുന്നു. നടൻ കൈലാഷാണ് നായകൻ. നാഗമ്മ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. ശങ്കർ നായകനായ ഹിമുക്രിക്ക് ശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻറെ പൂജയുടെ ദൃശ്യങ്ങൾ മൊണാലിസ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.
പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ മാലവിൽക്കുന്നതിനിടെ ഒരാൾ പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് മോനി ഭോസ്ലെ എന്ന മൊണാലിസ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആകർഷകമായ കണ്ണുകളുള്ള പെൺകുട്ടിക്ക് ആരാധകർ മൊണാലിസ എന്ന പേരിട്ടു. പെട്ടെന്നുണ്ടായ പ്രശസ്തിയിൽ ആളുകൾ തിരച്ചറിയാനും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്താനുമൊക്കെ തുടങ്ങിയപ്പോൾ മാലവിൽപ്പന നിർത്തി നാട്ടിലേക്ക് പോകേണ്ടി വന്നു അവൾക്ക്. എന്നാൽ മറ്റ് വമ്പൻ അവസരങ്ങളാണ് പിന്നീട് പെൺകുട്ടിയെ കാത്തിരുന്നത്.
7 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഇവർക്കുള്ളത്. റീൽസുകൾക്കെല്ലാം ലക്ഷക്കണക്കിന് കാഴ്ചക്കാരും. വൈറലായതിനെ തുടർന്ന് ഫെബ്രുവരിയിൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സിൻറെ ഷോറൂം ഉദ്ഘാടനത്തിന് മൊണാലിസ എത്തിയിരുന്നു. നിലവിൽ മോഡലിങ് രംഗത്ത് സജീവമായ മൊണാലിസയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. അതിനിടയിലാണ് സിനിമയിലെ നായികാ പദവിയും. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂർ' എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയായി അഭിനയിക്കുന്നുണ്ട്. നീലത്താമര ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കൈലാഷ്.