യോഗി ബാബു നായകനാകുന്ന 'ആൻ ഓർഡിനറി മാൻ' എന്ന ചിത്രത്തിലൂടെ തമിഴ് നടൻ രവി മോഹൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ പ്രൊമോ ലോഞ്ച് ശിവ രാജ്കുമാറാണ് നിർവഹിച്ചത്. രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ നടന്ന പരിപാടിയിലാണ് പ്രൊമോ ലോഞ്ച് നടന്നത്. രവി മോഹനും യോഗി ബാബുവും തമ്മിലുള്ള രസകരമായ സംഭാഷണമാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെനീലിയ ദേശ്മുഖും റിതേഷ് ദേശ്മുഖും ചേർന്ന് 'ബ്രോ കോഡ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.
നടനും നിർമാതാവുമായ രവി മോഹൻ തന്റെ പുതുതായി ആരംഭിച്ച ബാനറായ രവി മോഹൻ സ്റ്റുഡിയോസിന് ഒരു അഭിലാഷമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഔദ്യോഗിക ലോഞ്ച് ചടങ്ങിൽ, 2025 നും 2027 നും ഇടയിൽ നിരവധി ഒ.ടി.ടി പ്രോജക്ടുകൾക്കും സംഗീത സഹകരണങ്ങൾക്കും ഒപ്പം പത്ത് സിനിമകൾക്ക് പിന്തുണ നൽകുമെന്ന് താരം വെളിപ്പെടുത്തി. എട്ട് ചിത്രങ്ങൾ കൂടി ഇതിനകം തന്നെ നിർമാണത്തിലുണ്ടെന്ന് രവി മോഹൻ പറഞ്ഞു. ഇതിൽ ഒന്ന് 2025 ലും, മൂന്ന് എണ്ണം 2026 ലും, നാലെണ്ണം 2027 ലും റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.
കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡ്’ ആയിരിക്കും ഹോം ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ നിർമാണ ചിത്രം. എസ്.ജെ. സൂര്യ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്ന ചിത്രത്തിൽ ഇപ്പോൾ ശ്രീ ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ്, അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ ഉൾപ്പെടുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക നടന്മാരും നടിമാരും പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിൽ പങ്കെടുത്തിരുന്നു.
അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.