+

ഇന്ത്യയിൽ ലേണിംഗ് ആക്‌സി‌ലറേറ്റർ പ്രോഗ്രാം ആരംഭിച്ച് ഓപ്പൺഎഐ

ഇന്ത്യയിൽ ലേണിംഗ് ആക്‌സി‌ലറേറ്റർ പ്രോഗ്രാം ആരംഭിച്ച് ഓപ്പൺഎഐ

ഇന്ത്യയിൽ ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാം ഓപ്പൺഎഐ ആരംഭിച്ചു. ഇതോടെ, ഈ സംരംഭത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യൻ പാഠ്യപദ്ധതിയിലും പ്രാദേശിക ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഓപ്പൺഎഐയുടെ ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാം നടക്കുന്നത്.

അതേസമയം ഇന്ത്യൻ പാഠ്യപദ്ധതിക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള ഉത്തരങ്ങൾ നൽകുന്നതിനാണ് ചാറ്റ്ജിപിടിയുടെ പുതിയ പഠന രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഓപ്പൺഎഐയുടെ വൈസ് പ്രസിഡൻറ് (എഡ്യുക്കഷൻ) ലിയ ബെൽസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. വരും കാലത്ത് തങ്ങളുടെ മോഡലുകൾ ഇന്ത്യൻ വിദ്യാർഥികളുമായി അവരുടെ ഭാഷകളിലും പഠന സന്ദർഭങ്ങളിലും കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുമെന്നും ലിയ ബെൽസ്‌കി കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം ഡൽഹിയിൽ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതിനിടെയാണ് വിദ്യാഭ്യാസ മേഖലയിലെ കമ്പനിയുടെ ഈ മുന്നേറ്റം. ഓപ്പൺഎഐ സ്ഥാപകൻ സാം ആൾട്ട്മാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്. ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാമിൻറെ ഭാഗമായി ഓപ്പൺഎഐ, ഐഐടി മദ്രാസുമായി 500,000 ഡോളർ ധനസഹായത്തോടെ ഒരു ഗവേഷണ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

facebook twitter