കാസർകോട്: കന്നഡഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി തയ്യാറാക്കിയ നിഘണ്ടു ജനങ്ങളിലേക്ക്. സംസ്ഥാന നികുതിവകുപ്പിൽനിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശിയായ ബി.ടി. ജയറാമാണ് ആറ് വർഷത്തെ അധ്വാനത്തിനൊടുവിൽ ഏറെ ശ്രമകരമായ ദൗത്യം പൂർത്തീകരിച്ചത്. 1650 പേജുള്ള നിഘണ്ടുവാണിത്. ഇതിൽ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാളം ലിപിയിൽ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാർഥങ്ങൾ മലയാളികൾക്ക് മനസ്സിലാകുംവിധത്തിലും പ്രത്യേകിച്ച് കാസർക്കോട്ടുകാർക്ക് വേണ്ടി നാടൻശൈലിയിലും മൊഴിമാറ്റി ചേർത്തിട്ടുണ്ട്.
രണ്ടുവർഷത്തോളമെടുത്താണ് മൂവായിരം പേജ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. ഇപ്പോൾ കന്നഡ-മലയാള നിഘണ്ടു വെളിച്ചം കാണുകയാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിർദേശപ്രകാരം കന്നഡയിലെ വാക്കുകൾ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകൾ എഴുത്തുകാരൻ ഉദുമയിലെ പ്രൊഫ. എം.എ. റഹ്മാനുമാണ് പരിശോധിച്ചത്. ഇരുഭാഷകളുടെയും സങ്കലനം പ്രശസ്ത വിവർത്തകനും കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ജയറാമിന്റെ ഗുരുവുമായ കാസർകോട്ടെ കെ.വി. കുമാരനാണ് നിർവഹിച്ചത്.
കന്നഡഭാഷയ്ക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായൊരു റഫറൻസ് ഗ്രന്ഥം രചിക്കാൻ പ്രാപ്തനായ ഒരു ദ്വിഭാഷാ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സർക്കാർ സർവീസിൽനിന്ന് വിരമിച്ച ബി.ടി. ജയറാമിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. വി. കാർത്തികേയൻ നായർ കണ്ടുമുട്ടിയത്. മാതൃഭാഷയ്ക്കൊപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യുമെന്നതിനാൽ നികുതി വകുപ്പിൽനിന്ന് അന്യത്ര സേവനവ്യവസ്ഥയിൽ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായും ജോലി ചെയ്തിരുന്നു ജയറാം.
നിഘണ്ടു 18-ന് ഉച്ചയ്ക്ക് 2.30-ന് കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കർണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഏറ്റുവാങ്ങും. ബി.ടി. ജയറാം, എം. റാഫി, വി.വി. പ്രഭാകരൻ, പാലക്കുന്നിൽ കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.