തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് എംഎൽഎ കെ കെ രമ. പ്രാണനിൽ ഇരുട്ട് പടർന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദൻ എന്ന് കെ കെ രമ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരള രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോയി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. 1991-1996, 2001-2006, 2011-2016 എന്നീ മൂന്ന് കാലയളവുകളിൽ പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.