ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റർ വൺ- ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.