വണ്ണംകുറയ്ക്കാൻ മൂന്നുമാസം ജ്യൂസ് മാത്രം കഴിച്ചു, കന്യാകുമാരിയിൽ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു

12:03 PM Jul 27, 2025 | Kavya Ramachandran

 മൂന്നുമാസത്തോളം ജ്യൂസ് മാത്രംകുടിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിച്ച ശക്തീശ്വരൻ എന്ന പതിനേഴുകാരന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം നടന്നത്.

ആരോ​ഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു. യൂട്യൂബിൽ കണ്ട വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡയറ്റിങ് ആരംഭിച്ചത്. ഡയറ്റിൽ കാര്യമായ മാറ്റം വരുത്തുംമുമ്പ് ശക്തീശ്വരൻ ഡോക്ടർമാരേയോ, വിദ​ഗ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. മകൻ ചില മരുന്നുകൾ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു.

കട്ടിയുള്ള ആഹാരങ്ങളെല്ലാം പാടേ ഒഴിവാക്കിയിരുന്ന ശക്തീശ്വരൻ മൂന്നുമാസമായി പഴച്ചാറുകൾ മാത്രമാണ് കഴിച്ചിരുന്നത്. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വ്യാഴാഴ്ച കുടുംബത്തിൽ നടത്തിയ പൂജയുടെ ഭാ​ഗമായി ശക്തീശ്വരൻ കട്ടിയുള്ള ആഹാരം കഴിച്ചിരുന്നെന്നും മൂന്നുമാസത്തിനിടെ ആദ്യമായി അന്നാണ് ജ്യൂസല്ലാതെ മറ്റൊരു ആഹാരം കഴിക്കുന്നതെന്നും അയൽവാസികൾ പറയുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛർദി ഉൾപ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ആയിരുന്നെന്നും അയൽവാസികൾ പറയുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരുന്നു. പതിനെട്ടുകാരിയായ എം.ശ്രീനന്ദയാണ് യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനേത്തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ കഴിയവേ മരിച്ചത്.