+

പഞ്ചാബിനോട് തോറ്റയുടന്‍ മൈതാനത്തിറങ്ങി പന്തിനോട് കണ്ണുരുട്ടി ഗോയങ്ക, മുതലാളിയുടെ കലിപ്പ് ഇങ്ങോട്ട് വേണ്ടെന്ന് ആരാധകര്‍

ഐപിഎല്‍ സീസണില്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റനെ പരസ്യമായി ശാസിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക.

ന്യൂഡല്‍ഹി: ഐപിഎല്‍ സീസണില്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റനെ പരസ്യമായി ശാസിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. കഴിഞ്ഞ സീസണില്‍ സമാനമായ രീതിയില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെതിരെ കയര്‍ത്ത ടീം ഉടമയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇത്തവണ 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ എത്തിച്ചാണ് ടീമിനെ പുതുക്കിപ്പണിതത്. എന്നാല്‍, നിക്കൊളാസ് പൂരനല്ലാതെ മറ്റാരും സ്ഥിരതയോടെ കളിക്കുന്നില്ല. ഇത്രയും തുക നല്‍കി വാങ്ങിയ പന്ത് ആദ്യ മൂന്നു കളികളില്‍ 17 റണ്‍സാണ് ആകെ നേടിയത്. ഇത് ഗോയങ്കയെ ചൊടിപ്പിച്ചെന്നുവേണം കരുതാന്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എല്‍എസ്ജി പരാജയപ്പെട്ടതിന് ശേഷവും ഗോയങ്ക മൈതാനത്തിറങ്ങിയിരുന്നു. രണ്ടാം കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയിച്ച ലഖ്നൗ ചൊവ്വാഴ്ച പഞ്ചാബിനെതിരെ വീണ്ടും തോറ്റു.

തോല്‍വിക്കു പിന്നാലെ പന്തിനെ കാണാന്‍ ഗ്രൗണ്ടിലിറങ്ങാന്‍ ഗോയങ്ക മടികാണിച്ചില്ല, ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംഭാഷണത്തിനിടയില്‍ എല്‍എസ്ജി ഉടമ പന്തിനെതിരെ വിരല്‍ ചൂണ്ടുന്നത് കാണാം.

ഇത്രയും മോശം ടീം ഉടമയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. കളിക്കാരെ കളിക്കാന്‍ അനുവദിക്കണം. തോല്‍വിയും ജയവുമെല്ലാം അംഗീകരിക്കുന്നവരാണ് യഥാര്‍ത്ഥ കായിക പ്രേമികള്‍. അല്ലാത്തവര്‍ക്ക് ബിസിനസ് മാത്രമാണ് ലക്ഷ്യം. മുതലാളിയുടെ കലിപ്പ് കളിക്കാര്‍ക്കെതിരെ വേണ്ടെന്നും ചില ആരാധകര്‍ പ്രതികരിച്ചു.

facebook twitter