ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകവെ യുദ്ധക്കൊതിയന്മാര്‍ക്കെതിരായ സിപിഎം നേതാവ് എം സ്വരാജിന്റെ കുറിപ്പ് വൈറലായിരുന്നു. സ്വരാജിനെതിരെ ചിലര്‍ രൂക്ഷ വിമര്‍ശനവുമായി എത്തുകയും ചെയ്തു. എന്നാല്‍, കശ്മീരിലെ സാധാരണക്കാര്‍ക്ക് ജീവിതം ദുരിതമയമാണെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ആദില്‍ പാലോട് പറയുന്നത്. പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗ്രാമീണരുടെ വീടുകള്‍ തകര്‍ന്നെന്നും ആളുകള്‍ പലായനം ചെയ്യുകയാണെന്നും ആദില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദില്‍ പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
എന്തൊരു ദിവസമായിരുന്നു ഇന്ന്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പെഹാല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന വാര്‍ത്ത വന്നത്. രാവിലെ തന്നെ അതിര്‍ത്തി മേഖലയായ ഉറി യിലേക്ക് തിരിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള പാതകള്‍ പൂര്‍ണമായി പൊലീസും സൈന്യവും ചേര്‍ന്ന് അടച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. കമ്പിളിയും ചെറിയ സഞ്ചികളില്‍ വസ്ത്രങ്ങളുമായി, കിട്ടിയ വാഹനങ്ങളില്‍ കയറി നാട് വിടുകയാണ് ജനങ്ങള്‍. പേടിയാണ്. ഒരര്‍ത്ഥത്തില്‍ കൂട്ട പലായനം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ അകത്തേക്ക് കടത്തി വിട്ടു.
ഉറിയില്‍ എത്തിയപ്പോള്‍ തെല്ലൊന്ന് ഭയന്നു. രണ്ട് ദിവസം മുന്‍പ് കണ്ട പട്ടണമേ അല്ല ഇപ്പോള്‍ ഉറി. നിശബ്ദതയുടെ മൂടുപടം. വീശികടിക്കുന്ന കാറ്റിലും ഭയം. ഉറിയിലെ ആര്‍മി പോസ്റ്റും പിന്നിട്ട് സലാമാബാദിലേക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള അവസാന ഇന്ത്യന്‍ ഗ്രാമം ആണ് സലാമാബാദ്. പാകിസ്ഥാന്‍ തൊടുത്തുവിട്ട ഷെല്ലുകള്‍ നിശ്ചലമാക്കിയ ഒരു ഗ്രാമം. മൂന്ന് വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായ പരിക്കേറ്റ പ്രദേശവാസികളെ ആഴ്പത്രിയിലാണ്.
മനോഹരമായ ഗ്രാമം ശവപ്പറമ്പ് പോലെ ആകാന്‍ ഒരൊറ്റ രാത്രി മതിയായിരുന്നു. കുഞ്ഞുങ്ങള്‍ എഴുതി പഠിച്ച, മടക്കി വെക്കാന്‍ മറന്ന നോട്ട് പുസ്തകങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ഉള്ളൊന്ന് പിടഞ്ഞു. കിടക്കയിലേക്ക് തകര്‍ന്ന് വീണ കണ്ണാടി ചില്ലുകള്‍ കണ്ടപ്പോള്‍ നടുങ്ങി. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഒടുവിലെ കണക്ക്.
പടച്ചവനേ.. ഇതാണ് യുദ്ധം.
എം. സ്വരാജിന്റെ വാചകം കടമെടുത്താല്‍,
സ്വന്തം വീട്ടുമുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം ചിലര്‍ക്ക് യുദ്ധം എന്നത് അതിര്‍ത്തിയിലെ പൂരമാണ്.