+

ജി സുധാകരനെ സന്ദര്‍ശിച്ച് എം എ ബേബി

പുന്നപ്ര കടപ്പുറത്ത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം എ ബേബി.

മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. കഴിഞ്ഞ ദിവസം വൈകിട്ടാണ് എം എ ബേബി, സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത എന്നിവര്‍ക്കൊപ്പം സുധാകരന്റെ വീട്ടിലെത്തിയത്. തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിലും പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും കടുത്ത അതൃപ്തിയിലാണ് ജി സുധാകരന്‍. അതിനിടെയാണ് എം എ ബേബിയുടെ സന്ദര്‍ശനം. പുന്നപ്ര കടപ്പുറത്ത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം എ ബേബി.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റിയുമാണ് സംസാരിച്ചതെന്ന് ജി സുധാകരന്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. പുന്നപ്ര സമര ഭൂമിയിലെ സ്മൃതി കുടീരത്തിലെത്തി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജി സുധാകരന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. എന്നാല്‍ പുഷ്പാര്‍ച്ചനക്ക് പിന്നാലെ നടന്ന അനുസ്മരണ പരിപാടിയില്‍ ക്ഷണമില്ലാത്തതിനാല്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. 27ന് പുന്നപ്ര വയലാര്‍ വാര്‍ഷികാചരണ സമാപനത്തില്‍ ദീപശിഖ തെളിയിക്കാന്‍ ജി സുധാകരനെ ക്ഷണിച്ചിട്ടുണ്ട്.

facebook twitter